Connect with us

Kerala

മലബാര്‍ മെഡി. കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ വിധി. നേരത്തെ ഇത് സംബന്ധിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി ബഞ്ച് വിധി പറയാനായി മാറ്റിവെച്ചതായിരുന്നു. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന മേല്‍നോട്ട സമിതിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ആവശ്യങ്ങളെ തള്ളിയാണ് ബെഞ്ച് പ്രവേശനം ശരിവെച്ചത്.

2016- 17 അധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടിയ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമതിയുടെ തീരുമാനം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രേഖകള്‍ നല്‍കിയില്ല. കോളജും വിദ്യാര്‍ഥികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും സമിതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതയില്‍ ഹരജി നല്‍കിയത്.

വിദ്യാര്‍ഥികളുടെ ഹരജിക്ക് പിന്നാലെ മലബാര്‍ മെഡി. കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പത്ത് വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു.

മേല്‍നോട്ട സമിതി പ്രവേശം റദ്ദുചെയ്തത് ശരിവെക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നും മാനേജ്മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളജിന് കൈമാറിയിരുന്നെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സ്‌പോട്ട് അഡ്മിഷന്‍ ആയതിനാല്‍ റെഗുലര്‍ പോലെ ഓണ്‍ലെന്‍ അഡ്മിഷന്‍ വേണ്ടെന്നും വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചു.

നേരത്തെ വാദത്തിനിടെ സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശങ്ങളുയര്‍ത്തിയിരുന്നു.

Latest