Kerala
വിഴിഞ്ഞം: അദാനിയോട് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: നിര്‍ദിഷ്ട അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പോര്‍ട്ട്‌സിനെ സമീപിച്ചു. 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പിന് കേരളാ സര്‍ക്കാര്‍ നോട്ടീസ് അയച്ചു.
അദാനി ഗ്രൂപ്പിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ പറഞ്ഞ സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചെലവാക്കാത്തതും കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകാത്തതും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. വൈകുന്ന ഓരോ ദിവസവും 12 ലക്ഷം രൂപവീതം നഷ്ടപരിഹാരം കണക്കുകൂട്ടിയാണ് 18.96 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
അതേസമയം, ഓഖി ദുരന്തം ചൂണ്ടിക്കാട്ടി തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ് നേരത്തെ സര്‍ക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിയമസഭയെ അറിയിച്ചിരുന്നു.
1000 ദിവസം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു കരാറുകാരായ അദാനി കമ്പനിയുടെ വാഗ്ദാനമെങ്കിലും ഓഖി ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളും പാറക്ഷാമവുമാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ 2019 ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് അദാനി പോര്‍ട്‌സ് സി ഇ ഒ കരണ്‍ അദാനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ലെന്നും 16 മാസം കൂടി അധികം അനുവദിക്കണമെന്നുമുള്ള ആവശ്യം അദാനി ഗ്രൂപ്പ് വീണ്ടും ഉന്നയിച്ചിരിക്കുകയാണ്.
നിലവിലെ കരാര്‍ പ്രകാരം 2017 ഒക്ടോബര്‍ 24നകം പദ്ധതിയുടെ 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, ഓഖി എത്തുന്നതിന് മുമ്പ് പൂര്‍ത്തിയാകേണ്ട ഈ ജോലി തന്നെ പൂര്‍ത്തിയായിരുന്നില്ല. ഒപ്പം പദ്ധതി തുകയായ 4,089 കോടിയുടെ ഇരുപത് ശതമാനം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പദ്ധതിക്കായി വിനിയോഗിക്കേണ്ടതായിരുന്നുവെങ്കിലും അദാനി ഗ്രൂപ്പ് ഇതിന് തയാറായിട്ടില്ല. കരാര്‍ വ്യവസ്ഥയില്‍ ഇളവു നേടാന്‍ വേണ്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിയതെങ്കിലും വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നിര്‍മാണ കമ്പനിയെക്കൊണ്ട് പൂര്‍ത്തിയാക്കിക്കുന്നതിനാണ് സര്‍ക്കാര്‍ നോട്ടീസിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, 2020 ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളും പാറക്കല്ല് ക്ഷാമവും മൂലം മാസങ്ങളായി നിര്‍മാണം നിലച്ചിരിക്കുകയാണെന്നുമാണ് കരണ്‍ അദാനി അറിയിച്ചത്. പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ നിര്‍മാണ കാലാവധി നീട്ടിനല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്ന് കാട്ടിയാണ് അദാനിഗ്രൂപ്പ് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, 2019 ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി അന്ത്യശാസനം നല്‍കിയാണ് കരണ്‍ അദാനിയെ മടക്കി അയച്ചത്.
പാറക്കല്ല് ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. തുറമുഖ നിര്‍മാണത്തിന് പാറ ലഭ്യമാക്കാന്‍ ക്വാറികള്‍ക്കു അനുമതി നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ഉന്നതതല യോഗത്തില്‍ വെച്ചുതന്നെ നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.