ഇംപീച്ച്‌മെന്റിനിറങ്ങും മുമ്പ്

Posted on: April 21, 2018 6:00 am | Last updated: April 20, 2018 at 11:09 pm

ആശയക്കുഴപ്പങ്ങള്‍ക്ക് വിട നല്‍കി , സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തിന്റെ ആദ്യ നടപടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരിക്കയാണ്. 71 എം പിമാര്‍ ഒപ്പിട്ട നോട്ടീസ് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിനാണ് കൈമാറിയത്. ചീഫ് ജസ്റ്റിസിനെതിരെ അദ്ദേഹത്തിന്റെ കൊളീജിയത്തില്‍ പെട്ട അംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തു വരികയും ജുഡീഷ്യറിയുടെ മേല്‍ എക്‌സിക്യൂട്ടീവ് സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണം ഉന്നയിക്കുകയും ചെയ്ത സാഹചര്യം ചൂഷണം ചെയ്ത്് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഇംപീച്ച് മെന്റിന് നീക്കമാരംഭിച്ചെങ്കിലും പ്രതിപക്ഷ നിരയിലെ ആശയക്കുഴപ്പവും നീതിന്യായ സംവിധാനത്തോടുള്ള നീരസം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഭീതിയും അഭിഭാഷകരായ എംപിമാര്‍ നോട്ടീസില്‍ ഒപ്പ് വെക്കുന്നതിലെ അസാംഗത്യവും ഉയര്‍ത്തുന്ന ആശങ്കകള്‍ പ്രതിപക്ഷത്തെ ഈ വിഷയത്തില്‍ പിന്നോട്ടടിപ്പിച്ചിരുന്നു. എന്നാല്‍, സി ബി ഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെയാണു ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്ക് ചൂട് പകര്‍ന്നതും നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നതും.

1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടാല്‍ മാത്രമേ നീതിപീഠത്തിനെതിരായ പരാതി പരിഗണിക്കുകയുള്ളൂ. നോട്ടീസ് പരിഗണിച്ചാല്‍ പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതേക്കുറിച്ച് സവിസ്തരം ചര്‍ച്ച നടക്കുമെന്നതിനപ്പുറത്ത് മറ്റൊരു പ്രത്യേകതയും ഈ വിഷയത്തില്‍ ആരും കാണുന്നില്ല. പ്രതിപക്ഷ നിരയിലെ പലരും ഇംപീച്ച്‌മെന്റ്‌നീക്കത്തോട് ഇനിയും യോജിപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ, സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബി എസ് പി, ആര്‍ ജെ ഡി എന്നീ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റിനോട് എതിരാണെന്നാണ് സൂചന. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസിലെ തന്നെ അഭിഷേക് സിംഗ്‌വി, പി ചിദംബരം എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ഇതുവരെ തയാറായിട്ടില്ലെന്നാണ് വിവരം.

രാജ്യത്തെ ഉന്നത നീതിപീഠത്തിനെതിരെയുള്ള നീക്കത്തെ സുപ്രീം കോടതി തന്നെ ഇന്നലെ പരാമര്‍ശ വിധേയമാക്കിയിരിക്കയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയവുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുപ്രസ്താവനകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ഇതുസംബന്ധമായി രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഇംപീച്ച്‌മെന്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ‘ഞങ്ങള്‍ വളരെ അസ്വസ്ഥരാണ്. രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുകയാണ്’ – ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് ഭീഷണിയാണെന്ന വാദവുമായി നിയമ മന്ത്രി അരുണ്‍ജയ്റ്റ്‌ലിയും രംഗത്തെത്തിയിട്ടുണ്ട്. നീതിനിര്‍വഹണത്തില്‍ കടുത്ത വിവേചനം നടത്തുകയോ പക്ഷപാതിത്വം കാണിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഇംപീച്ച് മെന്റ് ചെയ്യാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ധാര്‍മിക ബാധ്യതയുണ്ട്. ഇവിടെ മറ്റെല്ലാ താത്പര്യങ്ങളും മാറ്റിവെച്ച് അത്തരമൊരു നീതിന്യായ സംവിധാനത്തെ അടിമുടി മാറ്റണം.

ചീഫ് ജസ്റ്റിസിന് നിയമപരമായ അയോഗ്യതയോ അദ്ദേഹം ദുര്‍ഭരണം നടത്തിയെന്ന് തെളിയുകയോ ചെയ്താല്‍ ഭരണഘടന പ്രകാരം പാര്‍ലിമെന്റിന്റെ ഇരുസഭകളിലെ അംഗങ്ങള്‍ക്കും ഇംപീച്ച്‌മെന്റിന് ജുഡീഷ്യല്‍ അധികാരമാണ് നല്‍കുന്നത്. ഒരോ പാര്‍ലിമെന്റ് അംഗത്തിനും സ്വതന്ത്രമായി വസ്തുതകളും തെളിവുകളും വിശകലനം നടത്താനുള്ള അധികാരവുമുണ്ട്. തെളിയിക്കപ്പെട്ട രീതിയില്‍ ദുര്‍ഭരണം നടന്നുവെങ്കില്‍ പാര്‍ലിമെന്റിലെ അംഗങ്ങളുടെ ഈ അധികാരങ്ങളെ നിസ്സാരവത്കരിക്കുന്നതാകും അപകടം. ജുഡീഷ്യറിയെ കുറ്റവിചാരണ ചെയ്യപ്പെടാനുള്ള ചര്‍ച്ചക്ക് നിദാനം ചില കോടതി വിധികളിലെ വൈരുദ്ധ്യവും ജഡ്ജിമാര്‍ തന്നെ ചരിത്രത്തിലാദ്യമായി കോടതിക്കുപുറത്ത് പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ആരോപണങ്ങളും സൃഷ്ടിച്ച പ്രത്യേക സാഹചര്യമാണെന്ന് പ്രതിപക്ഷത്തിന് വിലയിരുത്താം. എന്നാല്‍, നീതിന്യായ സംവിധാനത്തെ കുറ്റവിചാരണ ചെയ്യുമ്പോള്‍ കൈക്കൊള്ളേണ്ട ജാഗ്രതയും ഗൗരവവും പ്രതിപക്ഷം പുലര്‍ത്തിയിട്ടുണ്ടോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. സര്‍ക്കാരിനെ അടിക്കാന്‍ കിട്ടുന്ന ആയുധങ്ങള്‍ പ്രയോഗിക്കുക എന്ന അജന്‍ഡക്ക് പുറത്ത് കൃത്യമായ നിയമോപദേശം തേടണം. കൂടാതെ പ്രതിപക്ഷ നേതൃനിരയില്‍ ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം മാത്രമായിരിക്കണം ഇംപീച്ച്‌മെന്റ് പോലുള്ള നടപടിയുമായി ഇറങ്ങിത്തിരിക്കേണ്ടത് . എന്നാല്‍ മാത്രമേ സമാന മനസ്‌കരായ പാര്‍ലിമെന്റ് അംഗങ്ങളുടെ പിന്തുണ പ്രതിപക്ഷത്തിന് നേടാനാകൂ. അല്ലെങ്കില്‍ ഭരണഘടനപ്രകാരം അംഗങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം ഭീഷണിയിലൂടെ നീതിന്യായവ്യവസ്ഥക്കു മേല്‍ ഉപയോഗിക്കുന്നുവെന്ന പരാതിക്കിത് ഇടയാക്കും.