Connect with us

National

യെച്ചൂരിക്ക് വഴങ്ങി ഒത്തുതീര്‍പ്പ്; സഖ്യമില്ല, ധാരണ

Published

|

Last Updated

ഹൈദരാബാദ്: സി പി എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ പ്രമേയത്തില്‍ ഒടുവില്‍ ഒത്തുതീര്‍പ്പ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉറച്ച നിലപാടിന് മുന്നില്‍ കാരാട്ട് പക്ഷം വഴങ്ങി. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യം പാടില്ല എന്ന തരത്തിലാണ് മാറ്റം വരുത്തിയത്. പാര്‍ലിമെന്റിനകത്തും പുറത്തും നടത്തുന്ന പ്രക്ഷോഭങ്ങളെ സംബന്ധിച്ച കരട് പ്രമേയത്തിലെ പരാമര്‍ശങ്ങളിലും മാറ്റമുണ്ട്.

യെച്ചൂരിയുടെ വെല്ലുവിളി വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെയാണ് സമവായം. പ്രകാശ് കാരാട്ടിന് കൂടി സ്വീകാര്യമായ രീതിയിലാണ് മാറ്റം. ഭേദഗതി വരുത്തിയ രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ഭേദഗതി തള്ളണമെന്ന നിര്‍ദേശം ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടന്നു. ഒമ്പത് പേര്‍ ഭേദഗതിയെ എതിര്‍ത്തപ്പോള്‍ നാല് പേര്‍ നിഷ്പക്ഷത പാലിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ഇന്ന് കരട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കരട് പ്രമേയത്തിലെ രണ്ട് ഖണ്ഡികയിലാണ് മാറ്റം വരുത്തിയത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാകില്ലെന്ന പരാമര്‍ശം ഒഴിവാക്കി. പകരം രാഷ്ട്രീയ സഖ്യമുണ്ടാകില്ലെന്ന് ചേര്‍ത്തു. രാഷ്ട്രീയ സഖ്യമില്ലെന്നത് തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് തന്നെയാണെന്നാണ് പ്രകാശ് കാരാട്ടിന്റെ വിശദീകരണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചേര്‍ന്ന് പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭം നടത്താമെന്നും ഇതൊരു അടവുനയമായി കാണണമെന്നുമുള്ള പരാമര്‍ശത്തിലും മാറ്റമുണ്ട്. അടവുനയം എന്ന വാക്ക് ഒഴിവാക്കി മതേതര പാര്‍ട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്താമെന്നാണ് മാറ്റിയത്.

വിട്ടുവീഴ്ചക്കില്ലെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാടും രഹസ്യ ബാലറ്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും പ്രതിനിധി സമ്മേളനത്തില്‍ ശക്തമായി ഉയര്‍ന്നതോടെയാണ് ചര്‍ച്ചക്ക് മറുപടി തയ്യാറാക്കാന്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ (പോളിറ്റ് ബ്യൂറോ) സമവായം വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന കാര്യത്തില്‍ ഉറച്ച നിലപാടുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളും വിട്ടുവീഴ്ചക്ക് തയ്യാറായി. മധ്യസ്ഥനായെത്തിയ മണിക് സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന നിലപാട് പി ബിക്ക് മുന്നില്‍വെച്ചു. പ്രതിനിധി സമ്മേളനത്തിലെ വികാരം മനസ്സിലാക്കണമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും യെച്ചൂരിയും യോഗത്തെ അറിയിച്ചു. ഇതോടെയാണ് ഔദ്യോഗിക രേഖയില്‍ തന്നെ മാറ്റം വരുത്താമെന്ന നിര്‍ദേശത്തിലേക്ക് കാര്യങ്ങളെത്തിയത്.

പിന്നീട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍വെച്ചു. പ്രതിനിധി സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി നല്‍കി.

 

പ്രതിനിധികള്‍ ചേരിതിരിഞ്ഞു,
രഹസ്യ ബാലറ്റിന് മുറവിളി

രണ്ട് നിലപാടുകളായി അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ ചേരിതിരിവ് പ്രകടമായിരുന്നു. ഇന്നലെ ഉച്ചവരെ നടന്ന പൊതുചര്‍ച്ചയില്‍ 47 പേരാണ് പങ്കെടുത്തത്. യെച്ചൂരിക്കും കാരാട്ടിനും ഒരുപോലെ പിന്തുണ ലഭിക്കും വിധമായിരുന്നു ചര്‍ച്ച. പാര്‍ട്ടിക്ക് സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളില്‍ കേരളം കാരാട്ടിനൊപ്പവും ബംഗാള്‍ യെച്ചൂരിക്കൊപ്പവും നിന്നു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും 175 പേര്‍ വീതമാണ് സമ്മേളന പ്രതിനിധികള്‍ എന്നതിനാല്‍ വോട്ടെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന പ്രതീതിയുണ്ടാക്കി. പൊതുവില്‍ പത്ത് സംസ്ഥാനങ്ങള്‍ കാരാട്ടിനൊപ്പവും പതിനൊന്ന് സംസ്ഥാനങ്ങള്‍ യെച്ചൂരിക്കൊപ്പവും എന്ന സ്ഥിതി വന്നു.

യെച്ചൂരിയെ പിന്തുണച്ച സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നതിന് രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി. ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന സാഹചര്യം വന്നതോടെയാണ് സമവായം വേണമെന്ന വികാരം നേതാക്കളില്‍ ശക്തമായത്.

Latest