കലൂരില്‍ കെട്ടിടം ഇടിഞ്ഞുവീണു; മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി

Posted on: April 20, 2018 9:33 am | Last updated: April 20, 2018 at 1:51 pm

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം വസ്ത്രശാലാ സ്ഥാപനത്തിനായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമില്ല. റോഡിനോട് ചേര്‍ന്ന് ഭൂമിയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുളള ഗതാഗതം തടഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി മെട്രോ ട്രെയിന്‍ ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

മെട്രോ റെയിലിന്റെ രണ്ട് തൂണുകള്‍ക്കിടയിലും ഭൂമിയില്‍ വിള്ളലുണ്ട്. 30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണിനടിയിലായി.

രാത്രിയില്‍ തൊഴിലാളികള്‍ ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കി. സംഭവം നടന്നയുടന്‍ പോലീസെത്തി സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ചു. സംഭവത്തില്‍ ജില്ലാകലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.