മുഖ്യമന്ത്രി പഞ്ചഗുട്ടയിലെത്തി; നല്ല പോലീസിനെ കാണാന്‍

Posted on: April 20, 2018 6:25 am | Last updated: April 20, 2018 at 12:10 am
മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനില്‍
ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കുന്നു

ഹൈദരാബാദ് :മോശം പെരുമാറ്റം മുതല്‍ കസ്റ്റഡി മരണം വരെയുള്ള വിഷയങ്ങളില്‍ കേരളാപോലീസ് നിരന്തരം പഴികേള്‍ക്കുമ്പോള്‍ ഹൈദരാബാദ് പോലീസിന്റെ നല്ലമാതൃകകള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാജ്യത്തെ തന്നെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായ ഹൈദരാബാദ് വെസ്റ്റ് സോണിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനിലായിരുന്നു സന്ദര്‍ശനം. പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കിനിടെ ഉച്ചഭക്ഷണ ഇടവേളയിലാണ് മുഖ്യമന്ത്രി ഹൈദരാബാദ് പോലീസിനെ കുറിച്ച് പഠിക്കാനിറങ്ങിയത്. വൈകുന്നേരം മൂന്നോടെ കനത്ത സുരക്ഷയില്‍ പഞ്ചഗുട്ട സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ ഹൈദരാബാദ് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് തെലങ്കാന ആഭ്യന്തരമന്ത്രി എന്‍ നരസിംഹ റെഡ്ഢി, ഡി ജി പി മഹേന്ദര്‍ റെഡ്ഢി തുടങ്ങിയവരും സ്റ്റേഷനിലെത്തിയിരുന്നു.

സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കിയ സൗകര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. തുടര്‍ന്ന് തെലങ്കാന ആഭ്യന്തരമന്ത്രിയും ഡി ജി പിയും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച. പഞ്ചഗുട്ട സ്റ്റേഷനിലൊരുക്കിയ സംവിധാനങ്ങള്‍ കണ്ട ശേഷം തെലങ്കാന ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. പത്ത് വനിതാപോലീസുകാരടക്കം നൂറിലധികം പോലീസുകാരുള്ള പഞ്ചഗുട്ട സ്റ്റേഷനില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിലെത്തുന്നവരെ സ്വീകരിക്കാന്‍ റിസപ്ഷനിസ്റ്റ്. പരാതിക്കാരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്, വനിതകള്‍ക്കായി പ്രത്യേക സൗകര്യം. പരാതികളിലും കേസുകളിലും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാനുള്ള സംവിധാനം. ഫയല്‍ നീക്കത്തെ കുറിച്ച് അറിയാന്‍ ഡിജിറ്റല്‍ കിയോസ്‌ക്, പരിശീലനത്തിനായി സ്മാര്‍ട് ക്ലാസ് റൂം ഇതെല്ലാം ഈ മാതൃകാ സ്റ്റേഷനിലുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വിശ്രമമുറികള്‍. പോലീസുകാരുടെ സമ്മര്‍ദവും മാനസിക സംഘര്‍ഷവും കുറക്കാന്‍ യോഗാ സെന്ററും ജിംനേഷ്യവും. വിശാലമായ ഡൈനിംഗ് ഹാള്‍. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിലെ ഓരോ വിഭാഗങ്ങളിലേക്കും വരുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക ഇരിപ്പിടവും മറ്റു സൗകര്യങ്ങളും. ടി വി കാണാനും വിനോദത്തിനുമായി സ്‌ട്രെസ് ഫ്രീ സോണും ഒപ്പം വായനമുറിയും.

കുടുംബപ്രശ്‌നങ്ങളും സമാന പരാതികളും പരിഹരിക്കാന്‍ കൗണ്‍സിലറുടെ സാന്നിധ്യം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ക്രമസമാധാന പാലനത്തിനും എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തിനും പ്രത്യേക വിംഗ്. 11 എസ് ഐമാര്‍ക്കായി ഓരോ വിഭാഗവും വിഭജിച്ച് നല്‍കിയിരിക്കുന്നു. ഓരോ വര്‍ഷവും കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. സ്റ്റേഷന്‍ പരിധിയിലാകെ 336 സി സി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ്, ബറോസ പോലീസ് അക്കാദമി എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് ഡി ജി പി മുഹമ്മദ് യാസീനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.