Connect with us

Editorial

ചോദ്യങ്ങളുയര്‍ത്തുന്ന വിധി

Published

|

Last Updated

സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നിരവധി ദുരൂഹതകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം തിരിമറികള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുകയും സംശയങ്ങള്‍ ദൂരീകരിക്കും വിധം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയുമാണ് ഹരജിക്കാര്‍ ചെയ്തത്. എന്നാല്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളുക മാത്രമല്ല, ആ ഹരജികള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു പരമോന്നത കോടതി. ഈ വിധി ചോദ്യങ്ങള്‍ അവസാനിപ്പിക്കുകയല്ല, ഒരായിരം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പരമോന്നത കോടതിയിലെ മുതിര്‍ന്ന ന്യായാധിപര്‍ തന്നെ പത്രസമ്മേളനം വിളിച്ച് ആക്ഷേപമുന്നയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പൗരന്‍മാര്‍ പ്രതീക്ഷാ പൂര്‍വം സമീപിക്കുന്ന നീതിപീഠം ബാഹ്യതാത്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് സംശയിക്കാവുന്ന സാഹചര്യം. ഈ ഘട്ടത്തില്‍ ജനങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുക തന്നെ ചെയ്യും. അതില്‍ പലതും ചീഫ് ജസ്റ്റിസിന്റെ വിശ്വാസ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതുമായിരിക്കും. കോടതിയലക്ഷ്യത്തിന്റെ വാള്‍ ചുഴറ്റി എല്ലാ വിമര്‍ശങ്ങളെയും അടിച്ചമര്‍ത്താന്‍ സാധിച്ചെന്ന് വരില്ല.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ്് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് കണ്ടെത്തിയിരിക്കുന്നത്. നാല് ജഡ്ജിമാര്‍ക്കൊപ്പമാണ് ജസ്റ്റിസ് ലോയ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. ഈ ജഡ്ജിമാര്‍ ഒരു സംശയവും രേഖപ്പെടുത്തിയിട്ടില്ല. അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് മിശ്രയുടെ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കുറച്ചു കൂടി കടന്ന് പൊതുതാത്പര്യ ഹരജികള്‍ വ്യക്തിതാത്പര്യത്തിനും രാഷ്ട്രീയ താത്പര്യത്തിനും വേണ്ടി വിനിയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും ബഞ്ച് പറഞ്ഞുവെക്കുന്നുണ്ട്. ഈ കേസില്‍ കോടതിക്ക് മുന്നിലെത്തിയ ചില അഭിഭാഷകരെ പേരെടുത്ത് കോടതി വിമര്‍ശിച്ചു. ഇവര്‍ക്കെതിരെ കോടതിലക്ഷ്യ നടപടിയ സ്വീകരിക്കേണ്ടതാണ്. ഇവരുടെ വാക്കുകള്‍ കോടതിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നതിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു. പ്രശാന്ത് ഭൂഷണ്‍, ദൂഷ്യന്ത് ദാവെ എന്നിവര്‍ക്കെതിരെയായിരുന്നു കോടതിയുടെ വിമര്‍ശം.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് വിധിയെക്കുറിച്ച് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. ലോയ കേസ് സുപ്രീം കോടതിയുടെ വിശാല ബഞ്ചിന് കൈമാറണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നീതിന്യായ വ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നു. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്നു ബി എച്ച് ലോയ. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് നിരവധി തവണ വിട്ടു നിന്ന അമിത് ഷാ ഡിസംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് ലോയ ഉത്തരവിട്ടിരുന്നു. അതിനിടെയാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 30ന് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ പോകുന്നതും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുന്നതും. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മാത്രമല്ല, ഈ കേസിന്റെ നടപടി ക്രമങ്ങളിലാകെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഘോഷയാത്രയാണ്. 2005 നവംബറിലാണ് സുഹ്‌റാബുദ്ദീനെ ഗുജറാത്ത് – രാജസ്ഥാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പിടികൂടി വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. നീതി നടപ്പാകും വിധത്തിലുള്ള വിചാരണ ഗുജറാത്തില്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ട പരമോന്നത കോടതി, നടപടികള്‍ മുംബൈയിലെ പ്രത്യേക സി ബി ഐ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതി ഗുജറാത്തിന് പുറത്തായി എന്നതുകൊണ്ട് മാത്രം നീതി നടപ്പാകും വിധത്തിലുള്ള വിചാരണ നടക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കേസില്‍ ഇതിനകമുണ്ടായ നടപടികള്‍. 2014 മെയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് ആസൂത്രിതമായ അട്ടിമറിയുണ്ടാകുന്നത്. അന്ന് വിചാരണാ കോടതിയില്‍ ജഡ്ജായിരുന്ന ജെ ടി ഉത്പത്, പ്രതിസ്ഥാനത്തുണ്ടായിരുന്ന അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. 2014 ജൂണ്‍ 26ന് ഹാജരാകാന്‍ അമിത് ഷാക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 25ന് ഉത്പതിനെ സ്ഥലം മാറ്റി.

പിന്നീട് ഇതേ ഉത്തരവിട്ട ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ മരിക്കുന്നു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ സമര്‍പ്പിച്ച ഹരജി അനുവദിക്കുന്നതിന് 100 കോടി രൂപ, ജസ്റ്റിസ് ലോയക്ക് കോഴയായി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന് വഴങ്ങാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇല്ലാതാക്കിയെന്നുമാണ് ഉയര്‍ന്ന ആരോപണം. ജസ്റ്റിസ് ലോയ മരിച്ച്, 29 ദിവസത്തിന് ശേഷം അമിത് ഷായെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിധി പ്രത്യേക കോടതി ജഡ്ജി എം ബി ഗോസാവി പുറപ്പെടുവിച്ചു. സംഭവഗതികള്‍ നോക്കൂ. ജഡ്ജ് ജെ ടി ഉത്പതിന്റെ പൊടുന്നനെയുള്ള സ്ഥലം മാറ്റം, ജസ്റ്റിസ് ലോയയുടെ മരണം, അമിത് ഷായെയും കടാരിയയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയ വിധി, സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം. ഏത് കേന്ദ്രത്തില്‍ വെച്ചാണ് കൃത്യമായി ഇവ ആസൂത്രണം ചെയ്യപ്പെട്ടത്? ആരൊക്കെയാണ് ഇടപെട്ടത്?

ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെയാണ് നീതിപീഠത്തിന്റെ അന്തസ്സിടിക്കുന്ന ഒന്നാകുന്നത്? ഇത് നിയമവ്യവസ്ഥയെ അധികാര കേന്ദ്രങ്ങള്‍ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ അട്ടിമറി നോക്കിനില്‍ക്കലാണോ നീതിന്യായ സംവിധാനത്തിന്റെ കടമ എന്ന ചോദ്യമാണ് പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ചത്. അത് മനസ്സിലാകാതെ പോകുമ്പോള്‍ ജനാധിപത്യത്തിന്റെ കുരുതിയാണ് സംഭവിക്കുക. എപ്പോഴൊക്കെ ജനാധിപത്യ ധ്വംസനങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അതിന് ചൂട്ടുപിടിക്കുന്ന ന്യായാധിപര്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ തിരുത്തലുകള്‍ സാധ്യമായിട്ടുണ്ട് എന്നതാണ് ചരിത്രം. ആ ചരിത്രത്തിലാണ് പ്രതീക്ഷ.