പിണറായി പൂര്‍ണ പരാജയം, കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണം: ചെന്നിത്തല

Posted on: April 19, 2018 4:19 pm | Last updated: April 20, 2018 at 9:17 am

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐക്ക് കൈമാറണം. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം. സംസ്ഥാനത്ത് അക്രമവും കൊലപാതകങ്ങളും നടക്കുമ്പോള്‍ ഭരണകൂടം ഉറങ്ങുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരാളെ ആളുമാറി തല്ലിക്കൊല്ലുന്നത്. പോലീസിന് മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായതിന്റെ തെളിവാണിത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണ്. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റൂറല്‍ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.