ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ട

  • ഹരജി സുപ്രീം കോടതി തള്ളി
  • ഹരജിക്കാര്‍ക്ക് വിമര്‍ശം പുനഃപരിശോധനാ ഹരജി നല്‍കും
Posted on: April 19, 2018 11:06 am | Last updated: April 20, 2018 at 9:17 am

ന്യൂഡല്‍ഹി: സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് പൊതുതാത്പര്യ ഹരജികള്‍ തള്ളിയത്. കഴിഞ്ഞ മാര്‍ച്ച് പതിനാറിന് ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ വസ്തുതയില്ലെന്നും വിഷയത്തില്‍ നാല് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പ്രസ്താവനകള്‍ സംശയിക്കുന്നതിന് കാരണമില്ലെന്നും ബഞ്ച് വ്യക്തമാക്കി. മരണം സ്വാഭാവികമാണെന്നായിരുന്നു രേഖകള്‍ വ്യക്തമാക്കിയത്. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ സാഹചര്യങ്ങളോ സംശയങ്ങളോയില്ലെന്നും ലോയയുടെ മരണ സാഹചര്യവുമായി ബന്ധപ്പെട്ട് ഇനി ഹരജികള്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പരാതി ഉന്നയിച്ചവര്‍ക്കെതിരെയും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെയും സുപ്രീം കോടതി വിമര്‍ശം ഉന്നയിച്ചു. ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, ഇന്ദിരാ ജെയ്‌സിംഗ്, വി ഗിരി എന്നീ അഭിഭാഷകരെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശം. ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താനാണ് ഹരജികളിലൂടെ ശ്രമിച്ചതെന്ന് ബഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയമായ നേട്ടങ്ങള്‍ക്ക് പൊതുതാത്പര്യ ഹരജികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷകരും പരാതിക്കാരും നടത്തിയത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെങ്കിലും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ല. നടപടിയെടുക്കാത്തത് അഭിഭാഷകര്‍ക്കിടയില്‍ അസമത്വം ഉണ്ടാകാതിരിക്കാനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡി വൈ ചന്ദ്രചൂഢാണ് വിധി എഴുതിയത്.

ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്‌റാബുദ്ദീന്‍ ശേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെ സുഹ്‌റാബുദ്ദീന്‍ വധിക്കപ്പെട്ട കാലത്ത് അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടയാളാണ് സുഹ്‌റാബുദ്ദീന്‍ എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വെളിപ്പെട്ടു. ഈ കേസിന്റെ വിചാരണ അവസാനം വരെ ഒരു ജഡ്ജിയായിരിക്കണം കേള്‍ക്കേണ്ടതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, കേസ് ആദ്യം കേട്ട ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലോയ തത്സ്ഥാനത്ത് വന്നത്.

ഹൃദയാഘാതമാണ് ജസ്റ്റിസ് ലോയയുടെ മരണത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍, അടുത്തിടെ ലോയയുടെ സഹോദരി നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം ലോയ മരണപ്പെടുകയായിരുന്നുവെന്നും അനുരാധ പറഞ്ഞു. തുടര്‍ന്നാണ് മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.

ചരിത്രത്തിലെ കറുത്ത ദിനം

സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയുടേത് തെറ്റായ തീരുമാനമാണ്. മരണത്തെ കുറിച്ചുയര്‍ന്ന സംശയങ്ങള്‍ കോടതി പരിശോധിച്ചില്ല. സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ലോയ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ലോയയുടെ മരണം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ലോയ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുെമന്ന് മുംബൈ ലോയേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ജുഡീഷറിയെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നതാണ് വിധി കാണിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.