Connect with us

Kerala

റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്

Published

|

Last Updated

കോഴിക്കോട്: വ്യാപാരികള്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് ശേഖരിച്ചുതുടങ്ങിയതോടെ റേഷന്‍ വിതരണം സാധാരണ നിലയിലേക്ക് നീങ്ങുന്നു. കൃത്യമായ അളവില്‍ കടകളില്‍ തന്നെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യണമെന്ന നിലപാടില്‍ വ്യാപാരികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് റേഷന്‍ വിതരണം സ്തംഭിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വ്യാപാരികള്‍ നിബന്ധനകള്‍ക്ക് വിധേയമായി റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍ ചെന്ന് എടുക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തെ എഴുപതിലധികം ഡിപ്പോകളിലും ചരക്ക് നീക്കം സാധാരണനിലയിലേക്ക് നീങ്ങുന്നതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് ഇ പോസ് മെഷീന്‍ പ്രവര്‍ത്തനം അവതാളത്തിലായി. ഇന്നലെ പതിനൊന്നിനും പന്ത്രണ്ടരക്കുമിടയിലുള്ള സമയത്താണ് സെര്‍വര്‍ തകരാറിലായത്. ഇതോടെ ഗോഡൗണുകളില്‍ സാധനങ്ങള്‍ എടുക്കാനെത്തിയ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി. കഴിഞ്ഞ ദിവസത്തെ ബില്ലുകളിലാണ് പല സ്ഥലങ്ങളിലും സാധനങ്ങള്‍ നല്‍കിയത്. റേഷന്‍ കടകളിലും ഉപഭോക്താക്കള്‍ക്ക് ഏറെ നേരം പ്രയാസമനുഭവപ്പെട്ടു. പിന്നീട് സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം നടന്നത്.

അതേസമയം, ഒരു മാസത്തേക്കാണ് തങ്ങള്‍ ഗോഡൗണുകളില്‍ ചെന്ന് സാധനങ്ങള്‍ എടുക്കുകയെന്ന് വ്യാപാരികള്‍ പറഞ്ഞു. റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് തൂക്കി നല്‍കുമ്പോള്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, എന്‍ എഫ് എസ് എ ഗോഡൗണ്‍ ഉദ്യോഗസ്ഥന്‍, റേഷന്‍ വ്യാപാരി പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ തൂക്കിബോധ്യപ്പെടുത്തണം. ഇവര്‍ ഒപ്പിട്ട തൂക്കശീട്ടോടു കൂടിയ സാധനങ്ങള്‍ മാത്രമേ വിതരണത്തിനെടുക്കൂ. ഒരു മാസത്തിനുശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തപക്ഷം ഗോഡൗണുകളിലെത്തി സാധനങ്ങളെടുക്കില്ലെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൂക്ക കൃത്യതയോടെ സാധനങ്ങള്‍ ലഭിക്കണമെന്നും ഇത് റേഷന്‍ ഷാപ്പുകളില്‍ തന്നെ ലഭിക്കണമെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഗോഡൗണുകളില്‍ തൂക്കകൃത്യത ഉറപ്പ് വരുത്താമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗോഡൗണുകളില്‍ നിന്ന് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ലെന്നും സാധനങ്ങള്‍ കടകളില്‍ തന്നെ ലഭ്യമാക്കണമെന്നും വ്യാപാരികള്‍ നിലപാടടെടുത്തതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത്. വിഷുവിന് മുമ്പായി വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ പോലും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഭക്ഷ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെയും തുടര്‍ന്നാണ് റേഷന്‍ വിതരണം വ്യാപാരികള്‍ വീണ്ടും തുടങ്ങിയത്.

 

Latest