Connect with us

National

അപ്‌നാ ഘര്‍ ലൈംഗിക ചൂഷണ കേസ്: ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍

Published

|

Last Updated

പഞ്ചകുല: ഹരിയാനയില്‍ കോളിളക്കം സൃഷ്ടിച്ച അപ്‌നാ ഘര്‍ ലൈംഗിക ചൂഷണ കേസില്‍ മുഖ്യപ്രതി ജസ്വന്തി ദേവി ഉള്‍പ്പെടെ ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. റോത്തകില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന പുനരധിവാസ കേന്ദ്രമാണ് അപ്‌നാ ഘര്‍. ഇവിടെ പെണ്‍കുട്ടികള്‍ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാകുകയായിരുന്നു. 2012ല്‍ ഇവിടെ ദേശീയ ബാലാവകാശ കൗണ്‍സില്‍ (എന്‍ സി പി സി ആര്‍) നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് 120 അന്തേവാസികളെ മോചിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ സ്വന്തം നഗരമായ റോത്തക്കിലാണ് സംഭവം എന്നതിനാല്‍ വലിയ വിവാദമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്.

2012 മെയ് ഏഴിന് അപ്‌നാ ഘറില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ പുറത്തുകടന്ന് ഡല്‍ഹിയിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചതോടെയാണ് അവിടെ നടക്കുന്ന പീഡനം സംബന്ധിച്ച് പുറം ലോകമറിയുന്നത്. പിന്നാലെ, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ പുനരധിവാസ കേന്ദ്രത്തില്‍ എന്‍ സി പി സി ആര്‍ റെയ്ഡ് നടത്തി 120 പെണ്‍കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് അപ്‌നാ ഘര്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയും സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

2014ല്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ പൂര്‍ത്തിയാക്കി അന്തിമ വാദം ആരംഭിച്ചത്. ഇന്നലെ ജഡ്ജി ജഗ്ദീപ് സിംഗ് പുറപ്പെടുവിച്ച വിധിയില്‍, അപ്‌നാ ഘറിന്റെ അന്നത്തെ ചുമതലക്കാരി ജസ്വന്ത് ദേവി ഉള്‍പ്പെടെ ഒമ്പത് പേരാണ് കുറ്റക്കാര്‍. ജസ്വന്ത് ദേവിയുടെ മകള്‍ സുഷ്മ, മരുമകന്‍ ജയ് ഭഗ്‌വാന്‍, സഹോദരന്‍ ജസ്വന്ത്, ബന്ധു ഷീല, സുഹൃത്ത് റോഷ്‌നി, ഡ്രൈവര്‍ സതീഷ്, ജീവനക്കാരന്‍ റാം പ്രകാശ് സൈനി, അഭിഭാഷക വീണ എന്നിവരാണ് മറ്റ് കുറ്റക്കാര്‍.

ബലാത്സംഗം, അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, സ്ത്രീയുടെ അഭിമാനം കളങ്കപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ക്രിമിനല്‍ പ്രവൃത്തി, നിര്‍ബന്ധപൂര്‍വം തൊഴിലെടുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അനാശാസ്യ നിരോധന നിയമം, ബാലാവകാശ നിയമങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. അന്നത്തെ റോത്തക് ശിശുവികസന പദ്ധതി ഓഫീസര്‍ അംഗ്രേസ് കൗര്‍ ഹൂഡയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസില്‍ ഈ മാസം 24ന് ശിക്ഷ വിധിക്കും.