Connect with us

National

എ ടി എമ്മുകളില്‍ നിക്ഷേപിക്കുന്നത് 30 ശതമാനം മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. പ്രധാന നഗരങ്ങളിലെ പല എ ടി എമ്മുകളും ഇന്നലെയും നിശ്ചലമായി. എ ടി എമ്മുകളില്‍ കഴിഞ്ഞ പത്ത് ദിവസമായി മുപ്പത് ശതമാനം പണം മാത്രമേ നിക്ഷേപിക്കാനായിട്ടുള്ളൂവെന്നാണ് ബേങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നേരത്തെ ഓരോ എ ടി എമ്മിലും തൊണ്ണൂറ് ശതമാനത്തോളം പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍, നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ഈ മാസം മുതല്‍ ഇത് മുപ്പത് ശതമാനമായി കുറക്കേണ്ടി വന്നുവെന്നും രാജ്യത്തെ പ്രമുഖ ബേങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകക്ക് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം അനുഭവിക്കുന്നത്. കേരളം, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. ഉത്തര്‍പ്രദേശിലും നോട്ട് ക്ഷാമം ബേങ്കുകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആര്‍ ബി ഐ ആവശ്യമായ പണം നല്‍കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബേങ്ക് വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ, നോട്ട് ക്ഷാമം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നോട്ട് ക്ഷാമം വളരെ പെട്ടെന്ന് പരിഹരിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പരിഹാരത്തിനായി അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്.