Connect with us

Gulf

യു എ ഇയില്‍ പൊടിക്കാറ്റ് രൂക്ഷം, ചിലയിടങ്ങളില്‍ ചാറ്റല്‍മഴ

Published

|

Last Updated

അബുദാബി മഫ്‌റഖ് റോഡിലെ പൊടിക്കാറ്റിന്റെ ദൃശ്യം

ദുബൈ: യു എ ഇയില്‍ പൊടിക്കാറ്റ് രൂക്ഷം. രണ്ടു ദിവസംകൂടി പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ മദീനത്ത് സായിദ്, താരിഫ്, ലിവ എന്നീ സ്ഥലങ്ങളില്‍ ശക്തിയായി തന്നെ കാറ്റ് വീശി. അബുദായിലും മുഹമ്മദ് ബിന്‍ സായിദ് റോഡിലും സ്ഥിതി വ്യത്യാസമായിരുന്നില്ല. ചില ഭാഗത്ത് ചെറിയ തോതില്‍ ചാറ്റല്‍ മഴയുണ്ടായി. അല്‍ ഐന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടായി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദുബൈ-അല്‍ ഐന്‍ ഹൈവേയില്‍ പലയിടങ്ങളിലും മണല്‍കൂനകളും കാണാമായിരുന്നു. നഗരസഭാ തൊഴിലാളികള്‍ ഏറെ സമയമെടുത്താണ് റോഡില്‍ നിന്ന് മണല്‍ മാറ്റിയത്. അല്‍ ഹഖ, അല്‍ ഹയര്‍, സുഹൈബ് മസാകിന്‍, അല്‍ ഫോഹ, നഹല്‍, സൈ്വഹാന്‍ എന്നിവിടങ്ങളിലും കനത്ത പൊടിക്കാറ്റുണ്ടായി.

വാഹനങ്ങള്‍ വേഗം കുറച്ചാണ് ഓടിയിരുന്നത്. ചൂടിന്റെ കാഠിന്യം കൂടാനുള്ള സാധ്യതയു ണ്ടെന്ന് മുന്നറിയിപ്പുണ്ട്. അന്തരീക്ഷ മര്‍ദം കൂടിയതിന്റ ഫലമായിട്ടാണ് ഇങ്ങിനെ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

വാഹനങ്ങളെ പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ചില വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. പുറം ജോലികളില്‍ ഏര്‍പെട്ടവര്‍ക്ക് വളരെ ദുസ്സഹമായ അവസ്ഥയായിരുന്നു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസ് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: റാഫി നരണിപ്പുഴ