Connect with us

Gulf

മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചയാള്‍ പിടിയില്‍

Published

|

Last Updated

റാസ് അല്‍ ഖൈമ: മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചതിന് ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിയമ ലംഘനം നടത്തിയത്. റാക് പോലീസ് സെന്‍ട്രല്‍ ഡിപാര്‍ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന പാതകളിലും ഉള്‍നാടന്‍ ഭാഗത്തെ റോഡുകളിലും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതാണ് അപകടത്തിനേറെയും കാരണം. അമിതവേഗതയെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ ജീവ ഹാനി വരെ സംഭവിക്കുന്നുണ്ടെന്ന് റാക് പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

റാസ് അല്‍ ഖൈമയില്‍ ഗതാഗത നിയമ ലംഘനം നടത്തിയതിന് റെക്കോര്‍ഡ് പിഴയും കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. 10 ലക്ഷം ദിര്‍ഹമിന്റെ പിഴയാണ് കഴിഞ്ഞ വര്‍ഷം ഒരു വാഹന ഉടമക്ക് നല്‍കിയത്. 250,000 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ രണ്ടാമത്തെ വലിയ പിഴ തുക. പുതുക്കിയ യു എ ഇ ഗതാഗത നിയമമനുസരിച്ചു മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗ പരിധി നിശ്ചയിച്ചിടങ്ങളില്‍ അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനം രണ്ട് മാസത്തേക്ക് കണ്ട് കെട്ടുകയും ചെയ്യും.