അജ്മാനില്‍ ആക്രി സംഭരണശാലയില്‍ തീപിടുത്തം

Posted on: April 18, 2018 10:17 pm | Last updated: April 18, 2018 at 10:17 pm
സംഭരണശാലയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പെട്ട അഗ്നിശമന സേനാംഗങ്ങള്‍

അജ്മാന്‍: പുതിയ വ്യവസായ കേന്ദ്രത്തില്‍ ആക്രി വസ്തു സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം. തീ പിടുത്തത്തെ തുടര്‍ന്ന് കനത്ത പുക പടലങ്ങള്‍ രൂപപെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.39ഓടുകൂടിയാണ് തീ പിടുത്തം. അത്യാഹിതം നടന്ന ഭാഗത്തു പ്ലാസ്റ്റിക്, ആക്രി വസ്തുക്കള്‍ എന്നിവ കൂട്ടിയിട്ടിരുന്നുവെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മേജര്‍ മര്‍വാന്‍ യൂസഫ് അല്‍ ശംസി പറഞ്ഞു.

അപകടം നടന്ന സ്ഥലത്തെ റോഡുകളില്‍ പോലീസ് ഗതാഗതം നിരോധിച്ചിരുന്നു. രക്ഷാ ദൗത്യസേനയുടെ വാഹനങ്ങള്‍ക്ക് മാത്രമെ അനുമതി നല്‍കിയിരുന്നുള്ളു. സിവില്‍ ഡിഫന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ്, വ്യവസായ മേഖല എന്നിവിടങ്ങളിലെ രക്ഷാ ദൗത്യ സംഘങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മീറ്ററുകള്‍ ഉയരത്തിലേക്ക് പുക പടലങ്ങള്‍ ഉയര്‍ന്നെങ്കിലും സംഭവസ്ഥലത്തു നിന്നും സമീപ പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നും തൊഴിലാളികളെ അതിവേഗം ഒഴിവാക്കി. സംഭവമറിഞ്ഞ ഉടനെ അഗ്‌നിശമന എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപിടുത്ത കാരണത്തെ കുറിച്ച് അജ്മാന്‍ സിവില്‍ ഡിഫന്‍സ്, അജ്മാന്‍ പോലീസ് എന്നിവ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ തൊഴിലാളികളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി.

തീപിടുത്തത്തിന് വഴിയൊരുക്കിയ യഥാര്‍ഥ കാരണത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് സംഭവ സ്ഥലം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.