കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം

Posted on: April 18, 2018 10:14 pm | Last updated: April 18, 2018 at 10:14 pm

ഷാര്‍ജ: പത്താമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം ഇന്ന് മുതല്‍ മുതല്‍. ഈ മാസം 28 വരെ നീണ്ടു നില്‍ക്കും. അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററിലാണ് ചില്‍ഡ്രന്‍സ് ബുക്ക് ഫെസ്റ്റിവല്‍. ഇന്ന് രാവിലെ ഒമ്പതരക്ക് ഉദ്ഘാടന ചടങ്ങില്‍ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുക്കും.

‘നിങ്ങളുടെ ഭാവി ഒരു പുസ്തകം അകലെ’ എന്ന പ്രമേയത്തില്‍ പുസ്തക പ്രദര്‍ശനവും വില്‍പനയും കുട്ടികള്‍ക്ക് കലാ പരിപാടികള്‍, മത്സരങ്ങള്‍, സംവാദം, സെമിനാര്‍, ശില്‍പശാലകള്‍, നാടകം തുടങ്ങിയവ അരങ്ങേറും. ആകെ 2600 പരിപാടികളാണ് നടക്കുക. ഈജിപ്ഷ്യന്‍ ചലച്ചിത്ര നടി സബ്രിന്‍, നടന്‍ അബ്ദുര്‍റഹ്മാന്‍ അബു സഹ്‌റ തുടങ്ങി 121 രാജ്യങ്ങളില്‍ നിന്നുള്ള 286 അതിഥികള്‍ പങ്കെടുക്കുമെന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ബാല സാഹിത്യകാരി നടാഷ ശര്‍മ, നടനും നിര്‍മാതാവുമായ വരുണ്‍ പ്രുതി എന്നിവരെത്തും.

അറബ് അടക്കം 18 രാജ്യങ്ങളില്‍ നിന്ന് 134 പ്രസാധകര്‍ തങ്ങളുടെ പുസ്തകങ്ങള്‍ കൂടാതെ, പഠനോപകരണങ്ങളും പ്രദര്‍ശിപ്പിക്കും. 2,233 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള സ്ഥലത്താണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കുട്ടികളുടെ വായനോത്സവം.

ശൈഖ് ഡോ. സുല്‍ത്താന്റെ പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗ നിര്‍ദേശാനുസരണമാണ് പരിപാടികള്‍ ഒരുക്കിയത്. യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസാധകര്‍ പങ്കെടുക്കുക (62). ലബനന്‍(22), ഈജിപ്ത്(21), ജോര്‍ദാന്‍, യുകെ (അഞ്ച് വീതം).
ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലെ പ്രസാധകരുമെത്തും. സാംസ്‌കാരിക കഫെ, കിഡ്‌സ് ക്രിയേറ്റീവ് കഫെ, സോഷ്യല്‍മീഡിയാ കഫെ, കുക്കറി കോര്‍ണര്‍ എന്നിവയുമുണ്ടായിരിക്കും.

ഇറ്റലിയിലെ ഫോര്‍ലി നഗരത്തിലെ ത്രിഡി ബുക്ക് സെന്ററില്‍ നിന്നു കൊണ്ടുവന്ന 250 പോപ് അപ് പുസ്തകങ്ങളും ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. മാളവിക രാജേഷ്, ആര്യന്‍ മുരളീധരന്‍, കാശിനാഥ് പ്രാണേഷ് എന്നീ മലയാളി കുട്ടികള്‍ വായനോത്സവത്തിലെ ക്രിയേറ്റീവ് കിഡ്‌സ് കഫെ വിഭാഗത്തില്‍ അതിഥികളായി പങ്കെടുക്കും.

മലയാളിയായ കുഞ്ഞു പാചകക്കാരി ജെഹാന്‍ റസ്ദാന്‍ കുട്ടികളുടെ വായനോത്സവത്തില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസം വൈകിട്ട് ഏഴ് മുതല്‍ 7.45 വരെയും 19നും 24നും വൈകിട്ട് നാല് മുതല്‍ 4.45 വരെയും 20നും 27നും വൈകിട്ട് 5.15 മുതല്‍ ആറ് വരെയും 22ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും 23ന് വൈകിട്ട് 6.30 മുതല്‍ 7.15 വരെയും 26ന് രാവിലെ 10 മുതല്‍ 10.45 വരെയും ജെഹാന്‍ ഹാള്‍ നമ്പര്‍ നാലിലെ കുക്കറി കോര്‍ണറില്‍ വിവിധ വിഭവങ്ങള്‍ തത്സമയമുണ്ടാക്കും.