ബി സി സി ഐയെ വിവരാവകാശനിയമ പരിധിയില്‍ കൊണ്ടുവരണമെന്ന് കമ്മീഷന്റെ ശുപാര്‍ശ

Posted on: April 18, 2018 6:42 pm | Last updated: April 19, 2018 at 11:57 am
BCCI Logo

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ(ബി സി സി ഐ) വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇതോടൊപ്പം ബി സി ഐയ്ക്ക് കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ബി സി സി ഐയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12 അനുസരിച്ച് ബി.സി.സി.ഐയെ സ്‌റ്റേറ്റ് എന്ന വിഭാഗത്തില്‍പെടുത്തിവേണം വിവരാവകാശ പരിധിയില്‍ കൊണ്ടുവരേണ്ടത്. മറ്റെല്ലാ കളികളും ആര്‍.ടി.ഐയ്ക്ക് കീഴില്‍ വരുന്‌പോള്‍ ബി സി സി ഐയെ മാത്രം മാറ്റി നിറുത്തുന്നത് എന്തിനാണെന്നും കമ്മിഷന്‍ ചോദിച്ചു.

ബി സി സി ഐ നിലവില്‍ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ ഒരു സ്വകാര്യ സംരംഭമായാണ് പ്രവര്‍ത്തിക്കുന്നത്. ബി സി സി ഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വന്നാല്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാനാവും. ടീമുകളുടെ സെലക്ഷനുമായി ബന്ധപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനും കഴിയും. ഇതുകൂടാതെ ബി സി സി ഐ നടത്തുന്ന ഇടപടാകുളേയും കരാറുകളേയും കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശവും ലഭിക്കും.