ആശങ്ക അകലുന്നില്ല; നോട്ട് ക്ഷാമം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

Posted on: April 18, 2018 3:10 pm | Last updated: April 18, 2018 at 3:43 pm
SHARE

ന്യൂഡല്‍ഹി: നോട്ട് നിരോധനകാലത്തെ അനുസ്മരിപ്പിച്ച് രാജ്യത്ത് ഉടലെടുത്ത നോട്ട് ക്ഷാമം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. വ്യവസായ നഗരമായ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കടുത്ത നോട്ട് ക്ഷാമം നേരിടുകയാണ്. പ്രതിസന്ധി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ജനം.

ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നോട്ട് നിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധം എ ടി എമ്മുകള്‍ കാലിയായി കിടക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ബി ജെ പി ഭരണത്തിലുള്ള രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവക്ക് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായത്. ഹൈദരാബാദ്, വാരാണസി നഗരങ്ങളില്‍ ഒരാഴ്ചയായി എ ടി എമ്മുകള്‍ പൂര്‍ണമായി കാലിയായി കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ നോട്ട് ക്ഷാമം അഞ്ച് മുതല്‍ ഏഴ് വരെ ദിവസം തുടരുമെന്ന് കേന്ദ്ര ധനകാര്യ ബേങ്കിംഗ് സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി.

അഞ്ഞൂറ് രൂപ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചു
നിലവിലെ നോട്ട് ക്ഷാമം നേരിടുന്നതിനായി അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര കാര്‍ഗ് പറഞ്ഞു. പ്രതിദിനം അഞ്ഞൂറ് കോടിയുടെ മൂല്യത്തിനുള്ള അഞ്ഞൂറിന്റെ നോട്ട് അടിച്ചിരുന്നത് ഇപ്പോള്‍ 2,500 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിദിനം 2,500 കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരട്ടിയില്‍ അധികം അച്ചടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സമ്മര്‍ദത്തെ നേരിടാന്‍ സര്‍ക്കാറിന്റെ കൈവശം ആവശ്യമായ നോട്ടുകളുണ്ടെന്നും ഇന്ത്യന്‍ ബേങ്കുകള്‍ സാമ്പത്തിക ഭദ്രതയുള്ളതും സുരക്ഷിതവുമാണെന്നും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് കറന്‍സിയുടെ ആവശ്യം അസാധാരണമായ തോതില്‍ വര്‍ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാസാന്ത ആവശ്യം 19,000-20,000 കോടിയായിരുന്നത് 40,000 മുതല്‍ 45,000 കോടിയായി ഉയര്‍ന്നിരുന്നു. രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും 6.7 ലക്ഷം കോടി മൂല്യത്തിനുള്ള രണ്ടായിരം രൂപ നോട്ടുകള്‍ നിലവില്‍ കമ്പോളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം സാധാരണ നിലയിലാക്കാന്‍ രണ്ട് വഴികളാണുള്ളത്, നോട്ടിന്റെ ആവശ്യം സാധാരണ നിലയിലാക്കുക എന്നതാണ് ആദ്യത്തെ വഴി. രണ്ടാമത്തേത് ആവശ്യത്തിനനുസരിച്ച് നോട്ട് ലഭ്യമാക്കുക എന്നതാണ്. രണ്ട് വഴികളും സര്‍ക്കാര്‍ പരീക്ഷിക്കുമെന്നും സുഭാഷ് ചന്ദ്ര കാര്‍ഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here