സര്‍വീസ് ചട്ട ലംഘനം: ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

Posted on: April 18, 2018 10:57 am | Last updated: April 18, 2018 at 10:57 am

തിരുവനന്തപുരം: സര്‍ക്കാറിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ഐ.എം.ജി. ഡയറക്ടറായിരിക്കെ ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. സര്‍ക്കാറിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു വിശദീകരണം.

ഈ സസ്‌പെന്‍ഷന്‍ നാല് മാസമെത്തിയപ്പോഴാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല.