നയതന്ത്ര അസ്വാരസ്യം വര്‍ധിക്കുന്നു; മൊഗാദിശുവിലെ യു എ ഇ ആശുപത്രി പൂട്ടി

Posted on: April 18, 2018 6:03 am | Last updated: April 17, 2018 at 10:49 pm

മൊഗാദിശു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം യു എ ഇ അവസാനിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രപരമായ അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഈ നടപടി. സൊമാലിയയിലെ പുന്റ്‌ലാന്‍ഡ് വിമാനത്താവളത്തില്‍ വെച്ച് എമിറേറ്റ് വിമാനത്തിലെ ചരക്കുകള്‍ പരിശോധിക്കാന്‍ എമിറേറ്റ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനം പറന്നുയരാന്‍ സൊമാലി അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥതക്ക് കാരണമായത്.

മൊഗാദിശുവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ശൈഖ് സായിദ് ആശുപത്രി പ്രധാനമായും പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സൗജന്യ ചികിത്സ നല്‍കിവരികയായിരുന്നു. എന്നാല്‍ തിങ്കളാഴ്ചയോടെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവ് വന്നതായി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സാലിം നൂറാനി വ്യക്തമാക്കി. ദിനംപ്രതി 200നും 300നും ഇടയില്‍ ആളുകള്‍ക്ക് ഇവിടെ സൗജന്യമായി ചികിത്സ നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൊമാലിയയിലെ സൈനിക പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും യു എ ഇ അവസാനിപ്പിച്ചിരുന്നു.