ഇ യു ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യമാര്‍ഗം: ഫ്രഞ്ച് പ്രസിഡന്റ്

Posted on: April 18, 2018 6:02 am | Last updated: April 17, 2018 at 10:44 pm

സ്ട്രാസ്ബര്‍ഗ്: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന അപകടകരമായ ദേശീയവാദത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അപകടം പിടിച്ച നിലവിലെ ലോകസാഹചര്യത്തില്‍ സ്വതന്ത്ര ജനാധിപത്യത്തിലേക്ക് നടക്കുകയാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യമെന്ന് ഫ്രാന്‍സില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്ത് മാക്രോണ്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ദേശീയവാദത്തിലേക്ക് പിന്തിരിഞ്ഞുപോകരുത്. അപകടംപിടിച്ച സ്വത്വദേശീയവാദം എല്ലായിടത്തും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏത് നിമിഷവും ഒരു ആഭ്യന്തരകലഹത്തിന് സാധ്യതയേറുകയാണ്. ആഗോള സാമ്പത്തിക രംഗത്തെ കുറിച്ച് ചില വോട്ടര്‍മാര്‍ ആശങ്ക പങ്കുവെക്കുമ്പോള്‍ ചില ദേശീയവാദികളായ നേതാക്കള്‍ വിഡ്ഢി വേഷം കെട്ടുകയാണ്. ഇവര്‍ വോട്ടര്‍മാര്‍ക്ക് സങ്കല്‍പ്പങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. യൂറോപ്യന്‍ ജനതയുടെ ശബ്ദം കേള്‍ക്കല്‍ അനിവാര്യമാണ്. അവര്‍ പുതിയ ചില പദ്ധതികള്‍ ആവശ്യപ്പെടുന്നുവെന്നും മാക്രോണ്‍ തുറന്നടിച്ചു.