സായിദ് വര്‍ഷാചരണ നിറവില്‍ അല്‍ ഐന്‍ മ്യൂസിയം

Posted on: April 17, 2018 10:20 pm | Last updated: April 17, 2018 at 10:20 pm

അല്‍ ഐന്‍: 1937ല്‍ അല്‍ ഐനില്‍ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ നിര്‍മിച്ച പാലസ് സായിദ് വര്‍ഷാചരണ നിറവില്‍. യു എ ഇ പരമ്പരാഗത വാസ്തു ശില്‍പമാതൃകയില്‍ രൂപകല്‍പന ചെയ്ത പാലസ് വേനല്‍ കാലത്തു ചൂട് കുറക്കാന്‍ വേണ്ടി വായു സഞ്ചാരം ക്രമീകരിച്ചതാണ്.

പ്രാദേശികമായി ശേഖരിച്ചതും പരിസ്ഥിതിക്കു ഇണങ്ങിയതുമായ കളിമണ്ണും,കല്ലും, ഈന്തപ്പനയോലയും ഉപയോഗിച്ചാണ് നിര്‍മാണം, ഈന്തപ്പന തടി ഉപയോഗിച്ച് നിര്‍മിച്ച മച്ചും കട്ടിളയും കതകും ജനലും കൗതുകമുള്ളതാണ്. പുനര്‍നിര്‍മിക്കുന്ന സമയത്തു തേക്ക് ഉപയോഗിച്ചിട്ടുണ്ട്.1998ല്‍ മ്യൂസിയമാക്കി മാറ്റുകയും 2001ല്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തുറന്നു കൊടുക്കുകയും ചെയ്യുകയായിരുന്നു.

ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത കവാടത്തിലൂടെ പ്രവേശിച്ചാല്‍ പരമ്പരാഗത ഇമാറാത്തി കഹ്വയും ഈത്തപ്പഴവും നല്‍കി സ്വീകരിക്കും. കവാടത്തിനു തൊട്ടടുത്തായി പ്രത്യേകം സജ്ജമാക്കിയ വിവിധ റൂമുകള്‍ കാണം. അതിഥികള്‍ക്കും, മീറ്റിംഗിനുമായി മുറികളുണ്ട്. അന്താരാഷ്ട്ര അതിഥികളെ സ്വീകരിക്കാന്‍ കവാടത്തിന്റെ മുകളില്‍ അല്‍ ബാര്‍സഹ് എന്ന പേരില്‍ മജ്‌ലിസ് സജീകരിച്ചിട്ടുണ്ട്.

ശൈഖ് സായിദിനും പത്‌നി ശൈഖ ഫാത്വിമക്കും രണ്ടു നിലകള്‍ ഉള്ള ഭവനം സജ്ജീകരിച്ചിരുന്നു. താഴത്തെ നിലയില്‍ ശൈഖ ഫാത്വിമയുടെ അതിഥികളായ സ്ത്രീകള്‍ക്ക് വേണ്ടിയും മുകളില്‍ ശൈഖ് സായിദിന്റെ കുടുംബത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്.

പഠനത്തിന് പ്രധാനം കല്‍പിച്ചിരുന്ന ശൈഖ് സായിദ് മകന് പഠിക്കാന്‍ വേണ്ടി പ്രത്യേകം മുറി സജ്ജീകരിച്ചിരുന്നു. അവിടെ ഉപയോഗിച്ച ഫര്‍ണിച്ചറും ബ്ലാക്ക് ബോര്‍ഡും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു മുറിയില്‍ പാലസിലെ ആളുകള്‍ക്ക് വേണ്ടി ഖുര്‍ആനും ഹദീസും പഠിക്കാന്‍ മാറ്റിവെച്ചിരുന്നു

1998ല്‍ മ്യൂസിയമായി പുനര്‍ നിര്‍മിച്ചപ്പോള്‍ പുതുതായി രണ്ടു കെട്ടിടം നിര്‍മിക്കുകയും അതില്‍ രാജ്യത്തെയും ഭരണാധികാരികളെയും പറ്റി പഠിക്കാനുള്ള അവസരം ഒരുക്കുകയും കവാടത്തിനു മുന്‍പിലായി ജാഹിലി കോട്ടയുടെ മാത്രകയില്‍ ടവറുകള്‍ നിര്‍മിക്കുകയും ഉള്‍ഭാഗങ്ങളില്‍ ഇമാറാത്തി പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ രൂപകല്‍പന ചെയ്യുകയും ഫര്‍ണിച്ചറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനായും സജ്ജീകരിച്ചിട്ടുണ്ട്

ശൈഖ് സായിദ് പ്രദേശത്തെ പൊതുജനങ്ങളുടെ അടുത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ ഉപയോഗിച്ച ലാന്‍ഡ് റോവറിനെ സ്മരിക്കും വിധം പാലസിന്റെ ഉള്ളില്‍ സൂക്ഷിച്ച ലാന്‍ഡ് റോവര്‍ കാര്‍ കാണികള്‍ക്കു കൗതുകമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും സ്വദേശികളും പ്രവാസികളുമായി ആയിരക്കണക്കിനാളുകള്‍ രാഷ്ട്രപിതാവിന്റെ ഭവനം സന്ദര്‍ശിക്കാനും എമിറാത്തി ചരിത്രം പഠിക്കാനും ദൈനംദിനം എത്തുന്നു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ പാലസില്‍ നടന്നു വേരുന്നുണ്ട്.
റിപ്പോര്‍ട്ട്: അസ്ലം കായ്യത്ത്‌