ദേശ സ്‌നേഹ പ്രവര്‍ത്തനം; സ്വദേശിയെ ദുബൈ പോലീസ് ആദരിച്ചു

Posted on: April 17, 2018 10:12 pm | Last updated: April 17, 2018 at 10:12 pm

ദുബൈ: ദേശസ്‌നേഹം നിറഞ്ഞ പ്രവര്‍ത്തിക്ക് ദുബൈ പോലീസ് സ്വദേശി പൗരനെ ആദരിച്ചു. ദുബൈ പോലീസ് അസ്ഥാനത്താണ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി സ്വദേശി പൗരനായ ലൈത് അല്‍ ഖസ്റജിയെ ആദരിച്ചത്.

മംസറില്‍ നാട്ടിയിരുന്ന യു എ ഇ പതാക നേരെയാക്കുന്നതിന് ശ്രമിച്ച സ്വദേശി പൗരന്റെ പ്രവര്‍ത്തനത്തെയാണ് പോലീസ് ആദരിച്ചത്. ദുബൈ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ ഇതേ കുറിച്ച് പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്.

മംസറിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രാമധ്യേയാണ് ഒരു വശത്തു നിരയായി നാട്ടിയിരിക്കുന്ന പതാകകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞു വീണതായി കാണപ്പെട്ടത്. പതാക ഉയര്‍ത്തി നാട്ടല്‍ തന്റെ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞ താന്‍ മക്കള്‍ക്കും ഈ പാഠം പകര്‍ന്നു നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് പതാക ഉയര്‍ത്തി നാട്ടിയത്. സുരക്ഷിതവും ഉന്നതവുമായ ജീവിത നിലവാരം പുലര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒരുക്കുന്ന യു എ ഇയില്‍ താമസിക്കുന്ന എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ പോലീസ് മേധാവി, ഖസ്റജിയുടെ രാജ്യ സ്‌നേഹത്തെ പ്രകീര്‍ത്തിച്ചു. ദേശത്തിന്റെ പതാകയെ ആദരിക്കുന്നതിനു മാതൃകയായ പ്രവര്‍ത്തനങ്ങളെ പിന്തുടരണമെന്ന് രാജ്യത്തെ പൊതു ജനങ്ങളോട് അദ്ദേഹം ഉണര്‍ത്തി.