സീറ്റ് ലഭിച്ചില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്- വീഡിയോ വൈറല്‍

Posted on: April 17, 2018 12:27 pm | Last updated: April 17, 2018 at 12:27 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ബിജെപി നേതാവ്. ഷാഷില്‍ നമോഷിയാണ് വാര്‍ത്താ സമ്മേളനത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. തനിക്ക് സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് വിലപിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ബിജെപി പുറത്തുവിട്ട രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും ഷാഷില്‍ നമോഷിയുടെ പേരുണ്ടായിരുന്നില്ല. സീറ്റ് നല്‍കാത്ത പാര്‍ട്ടി തീരുമാനത്തില്‍ തനിക്കുള്ള അതൃപ്തി രേഖപ്പെടുത്താനാണ് ഷാഷില്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കവേ നിയന്ത്രണം വിട്ട ഷാഷില്‍ പൊട്ടിക്കരയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഷാഷില്‍ നമോഷിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്നലെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികള്‍ പലയിടങ്ങളിലും അക്രമം നടത്തി. ബെംഗളൂരു ക്യൂന്‍സ് റോഡിലെ കെ പി സി സി ആസ്ഥാനത്തും തുമകൂരു, ബല്ലാരി, ചിക്കമംഗളൂരു, ബഗല്‍കോട്ട്, മാണ്ഡ്യ എന്നിവിടങ്ങളിലും പ്രവര്‍ത്തകരുടെ വലിയതോതിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. മിക്കയിടങ്ങളിലും റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ പലയിടത്തും ഫലം കണ്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ചിക്കമംഗളൂരു, ബല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്.