ശമ്പള പരിഷ്‌ക്കരണം: നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി

സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 24 മുതല്‍ പണിമുടക്ക്
Posted on: April 17, 2018 6:42 am | Last updated: April 17, 2018 at 12:45 am

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കുക, ചേര്‍ത്തല കെ വി എമ്മിലെ സമരം ഒത്തു തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാന സെക്രട്ടറി സുജനപാലല്‍ അച്യുതന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് മുമ്പ് നടന്ന സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ചേര്‍ത്തല കെ വി എമ്മിലെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 24 മുതല്‍ പണിമുടക്കി സമരം നടത്തുമെന്ന് യു എന്‍ എ പ്രതിനിധികള്‍ അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും വിജ്ഞാപനം പുറപ്പെടുവിക്കാതെ സമരം അവസാനിപ്പിക്കേണ്ടെന്നുമാണ് യു എന്‍ എയുടെ തീരുമാനം. നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പു മറികടന്ന് അലവന്‍സുകള്‍ വെട്ടിക്കുറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപദേശക സമിതിയുടെ തീരുമാനം വന്നിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ സമിതിയുടെ അന്തിമ യോഗ തീരുമാനം പുറത്തു വിട്ടിട്ടില്ല. വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനം കൈക്കൊള്ളാത്തതും ഉപദേശക സമിതിയുടെ വിവാദ തീരുമാനവുമാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ കാരണമെന്ന് യു എന്‍ എ ഭാരവാഹി സിബി മുകേഷ് പറഞ്ഞു.

മിനിമം വേതനം 20,000 രൂപയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചുകൊണ്ടാണ് ഉപദേശക സമിതിയുടെ തീരുമാനം വന്നത്. ഇത് നടപ്പിലായാല്‍ അലവന്‍സ് ഇനത്തില്‍ വന്‍ നഷ്ടമാവും നഴ്‌സുമാര്‍ക്ക് നേരിടേണ്ടി വരിക.