രാസായുധ നിരീക്ഷണ സംഘത്തിന് ദൗമയിലേക്ക് വിലക്ക്; നിഷേധിച്ച് റഷ്യ

റഷ്യയും സിറിയയും സഹകരിക്കണമെന്ന് ബ്രിട്ടന്‍
Posted on: April 17, 2018 6:05 am | Last updated: April 17, 2018 at 12:11 am

ദമസ്‌കസ്: സിറിയയില്‍ രാസായുധാക്രമണം ഉണ്ടായെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആരോപിക്കുന്ന ദൗമയിലേക്ക് രാസായുധ പരിശോധനാ സംഘത്തിന് പ്രവേശനം ലഭിച്ചില്ല. ദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്(ഒ പി സി ഡബ്ല്യൂ) സംഘത്തിലെ അംഗങ്ങള്‍ക്ക് ദൗമയിലേക്ക് ഇപ്പോഴും റഷ്യയും സിറിയയും പ്രവേശനാനുമതി നല്‍കിയിട്ടില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. തടസ്സമില്ലാത്ത രീതിയില്‍ ദൗമയില്‍ പ്രവേശിക്കുന്നത് അനിവാര്യമാണെന്നും ഇതിന് റഷ്യയും സിറിയയും സഹകരിച്ചേ മതിയാകൂവെന്നും ബ്രിട്ടന്‍ പറഞ്ഞു. അതേസമയം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തകളെ റഷ്യന്‍ വിദേശകാര്യ സഹമന്ത്രി നിഷേധിച്ചു.

ശനിയാഴ്ച നടന്ന യു എസ് ആക്രമണത്തെ തുടര്‍ന്നാണ് പ്രതിനിധികളുടെ വരവ് വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ പി സി ഡബ്ല്യൂ അംഗങ്ങളുമായി സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ അല്‍മുഖ്ദാദ് കൂടിക്കാഴ്ച നടത്തിയ കാര്യം സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാറിന്റെ അഭ്യര്‍ഥനമാനിച്ച് ഒ പി സി ഡബ്ല്യൂ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്ന് ദിവസമായി സിറിയയിലുണ്ടെന്നും മന്ത്രി പറഞ്ഞതായി സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ദൗമയുടെ പൂര്‍ണ നിയന്ത്രണം സിറിയന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നത്. ദൗമക്ക് നേരെ നടന്ന രാസായുധാക്രമണത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, രാസായുധാക്രമണം നടന്നിട്ടില്ലെന്നാണ് റഷ്യയുടെയും സിറിയയുടെയും നിലപാട്.