ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട തീവ്രവാദ കേസുകള്‍: തീര്‍പ്പുകല്‍പ്പിക്കാനുള്ളത് ഇനി മൂന്ന് കേസുകളില്‍

Posted on: April 17, 2018 6:05 am | Last updated: April 17, 2018 at 12:14 am

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ സ്‌ഫോടന കേസുകളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തം സംബന്ധിച്ച കേസുകളില്‍ ഇന്നലെ എന്‍ ഐ എ കോടതി വിധി പറഞ്ഞത് നാലാമത്തെതില്‍. ഇത്തരം ഏഴ് കേസുകളാണ് എന്‍ ഐ എയെ ഏല്‍പ്പിച്ചിരുന്നത്. 2006ലെ മലേഗാവ് സ്‌ഫോടനങ്ങള്‍, 2006ലെ സംഝോത എക്‌സ്പ്രസ് ആക്രമണം, 2007ലെ ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ശരീഫ് സ്‌ഫോടനങ്ങള്‍, 2008ലെ മലേഗാവ്- മൊദാസ സ്‌ഫോടനങ്ങള്‍, ആര്‍ എസ് എസ് മുന്‍ പ്രചാരക് സുനില്‍ ജോഷി വധം എന്നിവയാണവ. ഇവയില്‍ ജോഷി വധം, മോദാസ, അജ്മീര്‍ ശരീഫ്, മക്ക മസ്ജിദ് എന്നിവയുടെ വിധി വന്നു. അജ്മീര്‍ കേസില്‍ അസീമാനന്ദയടക്കം ഏഴ് പേരെ ഒഴിവാക്കിയിരുന്നു. മൂന്ന് പേരെ മാത്രമാണ് ശിക്ഷിച്ചത്. സുനില്‍ ജോഷി വധക്കേസില്‍ പ്രജ്ഞ സിംഗ് ഠാക്കൂര്‍ അടക്കമുള്ള ആരോപണവിധേയരായ എട്ട് പേരെയും കോടതി കുറ്റവിമുക്തരാക്കി.

2006ലെ മലേഗാവ് സ്‌ഫോടനങ്ങള്‍: കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചില്ല. 38 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്ര എ ടി എസും സി ബി ഐയും ഒമ്പത് മുസ്‌ലിംകള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ എന്‍ ഐ എ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഹിന്ദുത്വ ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ആരോപണവിധേയരായ മുസ്‌ലിംകളുടെ ജാമ്യത്തിന് കാരണമാകുകയും ചെയ്തു.
സംഝോത എക്‌സ്പ്രസ് ആക്രമണം: കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്കുള്ള ട്രെയിനില്‍ ഹരിയാനയിലെ പാനിപ്പത് ജില്ലയില്‍ ദേവാന റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. മരിച്ച 68 പേരില്‍ അധികവും പാക്കിസ്ഥാനികളായിരുന്നു.

2008ലെ മലേഗാവ് സ്‌ഫോടനം: റമസാന്‍, ശിവരാത്രി വേളയിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ ദിവസം ഗുജറാത്തിലെ മൊദാസയിലും സ്‌ഫോടനം നടന്നു. രണ്ടിടങ്ങളിലും മോട്ടോര്‍ സൈക്കിളുകളില്‍ ബോംബ് വെക്കുകയായിരുന്നു. എട്ട് പേര്‍ മരിച്ചു. കേസന്വേഷിച്ച മഹാരാഷ്ട്ര എ ടി എസ് സംഘം പ്രജ്ഞ സിംഗ് ഠാക്കൂറിനെയും സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെയും അറസ്റ്റ് ചെയ്തു. പിന്നീട് എന്‍ ഐ എ പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. ഇതില്‍ പ്രത്യേക കോടതി തീരുമാനമെടുത്തില്ല. മൊദാസ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് എന്‍ ഐ എ അവസാനിപ്പിച്ചു.

മക്ക മസ്ജിദ് കേസ് നാള്‍വഴി

2007 മെയ് 18: ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഐ ഇ ഡി സ്‌ഫോടനം. ഒമ്പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് പഴയ നഗരത്തില്‍ അക്രമം. പോലീസ് വെടിവെപ്പില്‍ അഞ്ച് മരണം. സ്‌ഫോടന കേസില്‍ നിരവധി മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുന്നു.

2007 ജൂണ്‍: കേസ് സി ബി ഐക്ക് കൈമാറുന്നു.

2009 ജനുവരി: 21 പേര്‍ക്കെതിരെ കുറ്റം ചുമത്തുന്നു. എന്നാല്‍, തെളിവില്ലാത്തതിനാല്‍ ഇവരെ കോടതി വെറുതെവിട്ടു.
2010 ജൂണ്‍: സ്‌ഫോടനത്തില്‍ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പങ്ക് സി ബി ഐ കണ്ടെത്തുന്നു.

2010 ഡിസംബര്‍: ദേവേന്ദര്‍ ഗുപ്ത, ലോകേഷ് ശര്‍മ, മറ്റ് നാല് പേര്‍ എന്നിവര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നു.
2011 ഏപ്രില്‍ ഏഴ്: അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നു.

2013 ജൂണ്‍: തന്റെ പങ്കാളിത്തം സംബന്ധിച്ച് സമ്മതിച്ച സ്വാമി അസീമാനന്ദ അടക്കം പത്ത് പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിക്കുന്നു. (കുറ്റസമ്മതത്തില്‍ നിന്ന് അസീമാനന്ദ പിന്നീട് പിന്നാക്കം പോയി). 226 സാക്ഷികളെ വിസ്തരിച്ചതില്‍ കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കം 64 പേര്‍ കൂറുമാറി.

2017 മാര്‍ച്ച് 23: അസീമാനന്ദക്ക് ഹൈദരാബാദ് കോടതി ജാമ്യം നല്‍കുന്നു. ആ മാസമാദ്യം അജ്മീര്‍ സ്‌ഫോടന കേസില്‍ അസീമാനന്ദയെ കുറ്റവിമുക്തനാക്കിയിരുന്നു.