ചെന്നൈ പൊരുതി വീണു; പഞ്ചാബിന് ജയം

Posted on: April 17, 2018 6:26 am | Last updated: April 16, 2018 at 11:30 pm

മൊഹാലി: ഐ പി എല്ലില്‍ ആവേശം വിതറിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ടുവെച്ച 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചെങ്കിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് അവസാന ഓവറില്‍ വമ്പന്‍ അടികള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. മോഹിത് ശര്‍മ എറിഞ്ഞ ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, അവസാന പന്തിലെ സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സ് മാത്രമേ ധോണിക്ക് നേടാന്‍ കഴിഞ്ഞുള്ളു. 44 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സുമുള്‍പ്പെടെ ധോണി 79 റണ്‍സെടുത്തു.
6.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലായിരുന്ന ചെന്നൈയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അമ്പാട്ടി റായ്ഡു- ധോണി സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 35 പന്തില്‍ നാല്‍പ്പത് റണ്‍സെടുത്ത റായ്ഡുവിനെ അശ്വിന്‍ നേരിട്ടുള്ള ഏറില്‍ പുറത്താക്കുകയായിരുന്നു.

ഷെയ്ന്‍ വാട്‌സണ്‍ (11), മുരളി വിജയ് (12), ബില്ലിംഗ്‌സ് (ഒമ്പത്), രവീന്ദ്ര ജഡേജ (19) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. പഞ്ചാബിനായി ആന്‍ഡ്രു ടൈ രണ്ടും മോഹിത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 33 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഗെയില്‍ 63 റണ്‍സ് അടിച്ചുകൂട്ടി. ഒന്നാം വിക്കറ്റില്‍ ഗെയിലും ലോകേഷ് രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 96 റണ്‍സെടുത്തു. രാഹുല്‍ 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 30, കരുണ്‍ നായര്‍ 29, യുവ്‌രാജ് സിംഗ് 20 റണ്‍സെടുത്തു.

സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍

ബെംഗളൂരു: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂവിനെതിരെ 19 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരുവിന് നിശ്ചിത 20 ഓവറില്‍ 198 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 45 പന്തില്‍ രണ്ട് ബൗണ്ടറിയും പത്ത് സിക്‌സറുകളും സഹിതം 92 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു സാംസണാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ രഹാനെ (36)യും ഷോര്‍ട്ടും (11) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 5.4 ഓവറില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്കിനൊപ്പം 49 റണ്‍സും നാലാം വിക്കറ്റില്‍ ജോസ് ബട്‌ലര്‍ക്കൊപ്പം 73 റണ്‍സും സഞ്ജു കൂട്ടിച്ചേര്‍ത്തു. പതിയെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുകയായിരുന്നു. ആറ് സിക്‌സറുകള്‍ക്ക് ശേഷമാണ് സഞ്ജു തന്റെ ആദ്യ ബൗണ്ടറി നേടിയത്. ഐ പി എല്ലിലെ റെക്കോര്‍ഡാണിത്.

ക്രിസ് വോക്‌സ്, ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗിറങ്ങിയ തുടക്കത്തില്‍ തന്നെ തിരച്ചടിയേറ്റു. ആദ്യ ഓവറിലെ നാലാം പന്തില്‍ നാല് റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലെത്തെ ഗൗതം സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്യാപ്റ്റന്‍ കോഹ്‌ലി (30 പന്തില്‍ 57), മന്‍ദീപ് സിംഗ്, (19 പന്തില്‍ 35), വാഷിംഗ്ടണ്‍ സുന്ദര്‍ (19 പന്തില്‍ 35) എന്നിവരിലൂട ബെംഗളൂരു പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ടും കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്‌സ്, ഷോര്‍ട്ട്, ബെന്‍ ലാഫ, അലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.