ഹര്‍ത്താല്‍, അക്രമം: താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

Posted on: April 16, 2018 7:59 pm | Last updated: April 17, 2018 at 12:50 am

മലപ്പുറം: കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. വ്യാപകമായി അക്രമം അരങ്ങേറിയ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേശ്കുമാര്‍ ബഹ്‌റ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ഇന്നലെ അക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്നതോ രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലോ പൊതുസമാധാനം നഷ്ടമാകുന്നതോ ആയ ചിത്രങ്ങള്‍, ചിഹ്‌നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അടച്ചടിച്ച കലടാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ ഉള്ള നിര്‍മാണം, വിതരണം, പ്രദര്‍ശനം, പ്രചാരണം എന്നിവ പാടില്ല. പൊതു നിരത്തുകളിലെ പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവയും അനുവദിക്കില്ല.

താനൂരില്‍ കെ എസ് ആര്‍ ടി സി ബസ് അഗ്‌നിക്കിരയാക്കി. നഗരത്തില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. താനൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

ഹര്‍ത്താല്‍ മൂലം പൈലറ്റുകാര്‍ക്ക് സമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനം രണ്ട് മണിക്കൂറും 20 മിനുട്ടും വൈകി 1.40നാണ് പുറപ്പെട്ടത്. 11.15ന് പുറപ്പെടേണ്ടിയിരുന്ന ദോഹ വിമാനം പുറപ്പെട്ടത് 1.15നുമാണ്. വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കെ എസ് ആര്‍ ടി സി ബസ് അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പലയിടത്തും അക്രമങ്ങളും അരങ്ങേറി. ഹര്‍ത്താനുകൂലികളെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.