ജനകീയ ഹര്‍ത്താലെന്ന് ; സംസ്ഥാനത്ത് പലയിടത്തും പൊതുഗതാഗതം തടസപ്പെട്ടു

Posted on: April 16, 2018 10:07 am | Last updated: April 16, 2018 at 2:38 pm

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ മുന്നണിയുടേതെന്ന പേരില്‍ നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ പലയിടത്തും വാഹനങ്ങള്‍ തടയുന്നു. വടക്കന്‍ ജില്ലകളിലുള്ളവരാണ് ഹര്‍ത്താലിന്റെ പേരില്‍ ഏറെ വലഞ്ഞത്. പ്രധാന റോഡുകളില്‍ പലയിടത്തും ആളുകള്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ ,അണങ്കൂറും മലപ്പുറത്ത് വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ഹര്‍ത്താല്‍ അനുകൂലീകള്‍ ബസുകള്‍ തടഞ്ഞൂ. എന്നാല്‍ കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. വണ്ടൂര്‍-കാളികാവ് റോഡില്‍ പലയിടത്തും ഗതാഗത തടസമുണ്ടായി. കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി പാതയിലും ബേപ്പൂര്‍, വടകര എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയിലും മലപ്പുറത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. പാലക്കാട് വിവിധയിടങ്ങളില്‍ ബസ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയുടേയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.