കത്വ പെണ്‍കുട്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്

Posted on: April 14, 2018 2:46 pm | Last updated: April 14, 2018 at 8:00 pm

കൊച്ചി: കത്വയില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ്.

സ്വകാര്യ ബേങ്കിലെ അസിസ്റ്റന്റ് മാനേജര്‍ സ്ഥാനത്തുനിന്നും ഇയാളെ ബേങ്ക് പിരിച്ചു വിട്ടിട്ടുണ്ട്. നിരവധി സംഘടനകളും മറ്റും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൂരമായ കൊലക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ക്രൂരതയെ നിസാരവല്‍ക്കരിച്ച് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കുട്ടി കൊലചെയ്യപ്പെട്ടത് രാജ്യത്തിന് നന്നായി എന്നര്‍ഥമുള്ള വര്‍ഗീയത തുളുമ്പുന്ന പോസാറ്റായിരുന്നു ഇയാളേടേത്.