ഹാരിസണ്‍ വിധി: ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും സ്വാധീനിക്കും

Posted on: April 14, 2018 6:13 am | Last updated: April 14, 2018 at 12:19 am

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാറിനെതിരായ ഹൈക്കോടതി വിധി വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും സ്വാധീനിക്കും. നിലവിലെ സാഹചര്യത്തില്‍ ഹാരിസണുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി ചെറുവള്ളി എസ്റ്റേറ്റ് കേസിനെയും ബാധിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഹാരിസണ്‍ മലയാള പ്ലാന്റേഷനില്‍ നിന്ന് വാങ്ങിയതാണെന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് കേസിലും സമാന വിധിയുണ്ടായാല്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പക്കല്‍ നിന്ന് പണം നല്‍കി വാങ്ങേണ്ടി വരും.

അതേസമയം, ഹാരിസണുമായുള്ള കേസ് തോറ്റത് ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായി കേസ് വരാന്‍ വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒപ്പം രാജമാണിക്കം റിപ്പോര്‍ട്ടിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചെറുവള്ളി കേസില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ കേസ് ജയിക്കാന്‍ പര്യാപ്തമല്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ പണിയാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഹാരിസണിന്റെ പക്കല്‍ നിന്ന് ഭൂമി വില നല്‍കി വാങ്ങിയതാണെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദം. എന്നാല്‍ ഇത് പാട്ടകാലവധി കഴിഞ്ഞ ഭൂമിയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ വാദങ്ങള്‍ തകര്‍ന്നതോടെ ഈ കേസിലും വിധി സര്‍ക്കാറിന് എതിരാകുമെന്നാണ് വിലയിരുത്തല്‍.