ഘാതകരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പിതാവ്

വര്‍ഗീയ നിറം ചാര്‍ത്തരുതെന്ന് അഭ്യര്‍ഥന
Posted on: April 14, 2018 6:24 am | Last updated: April 14, 2018 at 10:07 am
കത്വ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ ഉത്തരവാദികള്‍ക്ക് ശക്തമായ ശിക്ഷ ആവശ്യപ്പെട്ട്
രാജ്ഘട്ടിന് സമീപം പ്രതിഷേധിക്കുന്നവര്‍

ജമ്മു: തന്റെ കുഞ്ഞിനെ പൈശാചികമായി കൊന്നവരെ പരസ്യമായി വധശിക്ഷക്ക് വിധേയമാക്കണമെന്ന് പിതാവ്. കത്വയില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ഉള്ളുലക്കുന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ ഭാര്യയെ അറിയിച്ചിട്ടില്ല. ജനുവരി പത്തിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് മുതല്‍ മരിച്ച 14 വരെയുള്ള ദിവസങ്ങളില്‍ അതിക്രൂരമായ ചെയ്തികള്‍ക്കാണ് അവള്‍ വിധേയയായിരുന്നത്. മകളുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്‍മുന്നിലെത്തിയ ജനുവരി 17 മുതല്‍ ഭാര്യ ശക്തമായ വിഷാദരോഗത്തിലായി. അതിനാല്‍ ഇതുവരെ ക്രൂരതകളുടെ വിശദാംശങ്ങള്‍ അവള്‍ അറിഞ്ഞിട്ടില്ല. പിതാവ് പറയുന്നു.

ഭാര്യയുടെ സഹോദരന് ഏതാനും വര്‍ഷം മുമ്പ് മൂന്ന് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും റോഡപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് കുടുംബം കരകയറുന്നതെയുണ്ടായിരുന്നുള്ളൂ. സഹോദരന്റെ വേദനയുടെ തീവ്രത കുറക്കാനായി ഏറ്റവും ഇളയ പെണ്‍കുട്ടിയെ അവര്‍ക്ക് നല്‍കാന്‍ താനും ഭാര്യയും തീരുമാനിച്ചു. കുഞ്ഞിന് ഒരു വയസ്സായി അധികം വൈകാതെ അവര്‍ക്ക് കൈമാറുകയും ചെയ്തു. ആ കുഞ്ഞാണിപ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നും പിതാവ് പറഞ്ഞു. അവളെ കാണാനായി അവിടെ പോകുമ്പോഴൊക്കെ തന്റെ മടിയില്‍ കയറി ചാടാറുണ്ടായിരുന്നു. താനാണ് യഥാര്‍ഥ പിതാവെന്ന് അവള്‍ക്കറിയാമായിരുന്നു. അവള്‍ക്ക് മൂത്ത മൂന്ന് സഹോദരന്മാരുണ്ട്. പക്ഷെ വളര്‍ത്തച്ഛനെയും അമ്മയെയും വിട്ടുപോരാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. യഥാര്‍ഥ മാതാപിതാക്കളായി അവരെ അവള്‍ കണ്ടു. രസനയില്‍ ആരുമായും ശത്രുതയുണ്ടായിരുന്നില്ല. കുതിരകള്‍ ധാന്യം നശിപ്പിച്ചെങ്കില്‍ അതിന് തന്നെയും കുതിരകളെയുമല്ലേ കൊല്ലേണ്ടത്. പൊന്നുമോളെ അവര്‍ എന്തിന് കൊന്നു?
മയക്കുമരുന്ന് നല്‍കി പട്ടിണിക്കിട്ട് കൂട്ടബലാത്സംഗം ചെയ്ത് വൈദ്യുതാഘാതമേല്‍പ്പിച്ച് അവസാനം അതിക്രൂരമായി കൊന്ന കാപാലികരെ പരസ്യമായി തൂക്കിലേറ്റണം. ഇങ്ങനെ ശിക്ഷിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാകും. തന്റെ കുഞ്ഞ് അനുഭവിച്ചത് പോലുള്ളവ അഭിമുഖീകരിക്കാന്‍ ഇനി ഒരു കുഞ്ഞിനും ഇടവരരുത്.

തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഭാര്യാസഹോദരനും ഭാര്യയും കുടുംബം ഒന്നാകെയും കഠിനമായ ദുഃഖത്തിലുമാണ്. ഈ പശ്ചാത്തലത്തില്‍ ക്രൂരകൃത്യത്തിന് വര്‍ഗീയ നിറം ചാര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.