Connect with us

Kerala

കുറ്റവാളികളായ 1,129 പോലീസുകാര്‍ക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന് പിന്നാലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടികള്‍ ആരംഭിച്ചു. സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയ 1,129 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരെ നിയമപരിപാലനത്തില്‍ നിന്ന് പോലീസിന്റെ സിവില്‍ വിഭാഗത്തിലേക്ക് മാറ്റിനിയമിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പൊതുജനങ്ങള്‍ക്ക് നേരയെുള്ള പോലീസിന്റെ മോശമായ പെരുമാറ്റം സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സേനയിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. കുറ്റവാളികളായ പോലീസുകാര്‍ക്കെതിരെ നടപടി സംബന്ധിച്ച് ഏറെനാളായി മുറവിളി ഉയര്‍ന്നിരുന്നുവെങ്കിലും കാര്യമായ നടപടികൊളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് പോലീസുകാര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കിയത്. 1,129 പോലീസുകാര്‍ പ്രതികളായിട്ടും നടപടിയെടുക്കാത്തത് അഭിലഷണീയമല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്രയും കുറ്റവാളികള്‍ പോലീസ് സേനയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കിയ ശേഷം കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ സേനയില്‍ നിന്ന് നീക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭച്ചത്. കേരളാ പോലീസ് ആക്ട് 86ാം വകുപ്പ് അനുസരിച്ച് നടപടിയെടുത്ത ശേഷം രേഖാമൂലം ഇക്കാര്യം അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസ് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. മുപ്പത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരില്‍ കൂടുതലും തലസ്ഥാന ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്.

1,129 പേരില്‍ 215 പേരാണ് തിരുവനന്തപുരത്ത് ഇപ്പോഴും നിയമ പരിപാലനം നടത്തുന്നത്. പത്ത് ഡി വൈ എസ് പിമാരും 46 സി ഐമാരും എസ് ഐ, എ എസ് ഐ റാങ്കിലുള്ള 230 പോലീസുകാരും കുറ്റവാളികളായ പോലീസ് ഉദ്യേഗസ്ഥരുടെ പട്ടികയിലുണ്ട്.

സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ കേസുകള്‍ പരിഗണിച്ചാണ് കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയത്. പോലീസിലെ കുറ്റവാളികളായ ഓഫീസര്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ 2011ല്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനായ സമിതിയാണ് സേനയിലും കുറ്റവാളികളായ ഉദ്യോഗഗസ്ഥരുടെ പട്ടിക തയ്യാറാക്കിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest