International
തുര്‍ക്കി വഴി ഗ്രീസിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു

ആതന്‍സ്: തുര്‍ക്കിയില്‍ നിന്ന് കരമാര്‍ഗം ഗ്രീസിലേക്ക് ഇപ്പോഴും അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായി കടന്നുവരുന്ന അഭയാര്‍ഥികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് നിര്‍ബന്ധിച്ച് തിരിച്ചയക്കുന്ന ഗ്രീക്ക് സര്‍ക്കാറിന്റെ നടപടി വിവാദമാകുന്നതിനിടെയാണ് അഭയാര്‍ഥികള്‍ ഗ്രീക്കിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 1658 അഭയാര്‍ഥികളെ പിടികൂടിയതായി കഴിഞ്ഞ ദിവസം ഗ്രീക്ക് പോലീസ് വ്യക്തമാക്കിയിരുന്നു. തുര്‍ക്കി അതിര്‍ത്തിയിലുള്ള എവ്‌റോസ് നദിയിലൂടെയാണ് ഇവര്‍ ഗ്രീക്കിലേക്ക് പ്രവേശിച്ചതെന്നും പോലീസ് പറഞ്ഞു.
2017ലെ ഇതേ കാലയളവിനോട് താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടിയോളം വരും ഇത്. 2017 മാര്‍ച്ചില്‍ 262 പേരെയാണ് ഗ്രീക്ക് അതിര്‍ത്തി കടന്നതിന്റെ പേരില്‍ പിടികൂടിയിരുന്നത്. എന്നാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടി അന്താരാഷ്ട്ര അഭയാര്‍ഥി നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷകന്‍ ഇവ കോസെ ചൂണ്ടിക്കാട്ടി.