ഡൊണാള്‍ഡ് ട്രംപ് ‘മാഫിയാ ബോസ്’: എഫ് ബി ഐ മുന്‍ ഡയറക്ടര്‍

Posted on: April 14, 2018 6:01 am | Last updated: April 13, 2018 at 11:05 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി. അടുത്ത ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തിലാണ് ജെയിംസ് കോമി ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും എഴുതിയിരിക്കുന്നത്.

സമ്പൂര്‍ണ രാജഭക്തി ആവശ്യപ്പെടുന്ന മാഫിയകളുടെ ബോസിനെ പോലെയാണ് അദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. ലോകം മുഴുവന്‍ തനിക്കെതിരാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം കളവ് മാത്രമേ പറയൂ- പുസ്തകത്തില്‍ ജെയിംസ് കോമി തുറന്നടിക്കുന്നു. 2017 മെയില്‍ ജെയിംസ് കോമിയെ എഫ് ബി ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ട്രംപ് നീക്കിയിരുന്നു. എല്ലാവരും തന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കണമെന്നാണ് ട്രംപിന്റെ താത്പര്യം. ബോസ് എന്ന നിലയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും. ചുറ്റുമുള്ളവര്‍ക്ക് രാജഭക്തി അനിവാര്യമാണ്. എന്താണ് ശരിയെന്നോ തെറ്റെന്നോ ഉള്ള സാമാന്യബോധം പോലും ട്രംപിനില്ലെന്നും പുസ്തകത്തില്‍ കോമി പറയുന്നു.
എ ഹയര്‍ ലോയല്‍റ്റി: ട്രൂത്ത്, ലൈസ്, ആന്‍ഡ് ലീഡര്‍ഷിപ്പ് എന്നാണ് പുസ്തകത്തിന്റെ പേര്.