Connect with us

International

ഭരണകക്ഷിയില്‍ വിള്ളല്‍; ശ്രീലങ്കന്‍ പാര്‍ലിമെന്റ് താത്കാലികമായി പിരിച്ചുവിട്ടു

Published

|

Last Updated

കൊളംബൊ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈതിരിപാല സിരിസേന പാര്‍ലിമെന്റ് താത്കാലികമായി പിരിച്ചുവിട്ടു. ഭരണകക്ഷിയായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി(എസ് എല്‍ എഫ് പി)യിലുണ്ടായ അഭ്യന്തരപ്രശ്‌നങ്ങളാണ് പാര്‍ലിമെന്റ് പിരിച്ചുവിടുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം എസ് എല്‍ എഫ് പിയില്‍ നിന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെ 16 മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

മെയ് എട്ട് വരെ പാര്‍ലിമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗക്കെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ക്യാബിനറ്റില്‍ അഴിച്ചുപണി നടത്താമെന്ന് സിരിസേന വാഗ്ദാനവും ചെയ്തിരുന്നു. ഇതിനിടെയാണ് അവിചാരിതമായി പാര്‍ലിമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. അതേസമയം, പാര്‍ലിമെന്റ് പിരിച്ചുവിടാനുള്ള കാരണം പ്രസിഡന്റ് സിരിസേന വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞയാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി വിക്രമസിംഗ ഭൂരിപക്ഷം തെളിയിച്ചിരുന്നു. അഴിമതി തടയുന്നതിലും കഴിഞ്ഞ മാസം നടന്ന മുസ്‌ലിം വിരുദ്ധ കലാപം നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. എന്നാല്‍ സിരിസേനയുടെ എസ് എല്‍ എഫ് പി പാര്‍ട്ടിയില്‍ നിന്ന് തന്നെ 16 പേര്‍ അവിശ്വാസ പ്രമേയത്തെ പിന്താങ്ങി വോട്ടു രേഖപ്പെടുത്തി. ഇവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നത്. രാജിവെച്ച ക്യാബിനറ്റ് മന്ത്രിമാരുടെ നാല് പ്രധാന വകുപ്പുകളിലേക്ക് സിരിസേന പുതിയ മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്.

Latest