ഉന്നാവോ പീഡനം: പ്രതിയായ എം എല്‍ എയെ സി ബി ഐ അറസ്റ്റ് ചെയ്തു

നടപടി അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
Posted on: April 13, 2018 10:37 pm | Last updated: April 14, 2018 at 10:08 am

അലഹബാദ്: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കറിനെ സി ബി ഐ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് പതിനാറ് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുല്‍ദീപ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്നലെ അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യുന്നതിനായി കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായ കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ റദ്ദാക്കുന്നതിന് അപേക്ഷ നല്‍കുന്നത് പരിഗണിക്കണമെന്നും മെയ് രണ്ടിന് സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി ബി ഐയോട് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദിയുടെ കത്ത് പൊതുതാത്പര്യ ഹരജിയായി പരിഗണിച്ചാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണം എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് കുല്‍ദീപ് സിംഗിനെതിരെ സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് ഇന്നലെ കുല്‍ദീപിനെ സി ബി ഐ കസ്റ്റഡിയില്‍ എടുത്തത്.