യാത്രക്കാരനായി മോദി ഡല്‍ഹി മെട്രോയില്‍: അമ്പരന്ന് യാത്രക്കാര്‍

Posted on: April 13, 2018 8:29 pm | Last updated: April 14, 2018 at 9:51 am

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ ലോക് കല്യാണ്‍ മാര്‍ഗ് സ്‌റ്റേഷനിലെ യാത്രക്കാര്‍ക്ക് അവിചാരിതമായി ഒരതിഥി യാത്രക്ക് കൂട്ടായെത്തി. ആദ്യം അമ്പരന്ന യാത്രക്കാര്‍ പിന്നീട് വിശേഷം പങ്കുവെച്ചും സെല്‍ഫിയെടുത്തും യാത്ര ആവേശമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്രക്കാരിലമ്പരപ്പ് സൃഷ്ടിച്ച് അവിചാരിതമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാനെത്തിയത്.

ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി ആര്‍ അംബേദ്കറുടെ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി തന്റെ ഔദ്യോഗിക വസതിക്കടുത്ത് നിന്നാണ് നോര്‍ത്ത് ഡല്‍ഹിയിലേക്ക് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് മോദി എത്തിയത്. യാത്രക്കാരോട് സുഖവിവരങ്ങളന്വേഷിച്ച് സംസാരിച്ച മോദി അവരോടൊപ്പം സെല്‍ഫിക്കും പോസ് ചെയ്തു.