Connect with us

Kerala

കത്‌വ: പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട്: കത് വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഹിന്ദു ദേവാലയമാണ് കുട്ടിയെ തടവിലിടാനും പീഡിപ്പിക്കാനും പ്രതികള്‍ മറയായി ഉപയോഗിച്ചത്. ന്യൂനപക്ഷമായ ബക്കര്‍വാളുകളെ ഭയപ്പെടുത്തി നാടുകടത്താനും പദ്ധതി ഉണ്ടായിരുന്നു ഉണ്ടായിരുന്നു. ഒരേ സമയം വര്‍ഗീയ തീവ്രതയും മുസ്ലിം വിരുദ്ധതയും ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കേണ്ട പോലീസുകാരില്‍ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണ്. പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തതും പെണ്‍കുട്ടിക്ക് നീതിക്കായി വാദിച്ച അഭിഭാഷകക്കു സംസ്ഥാനത്തെ ബാര്‍കൗണ്‍സിലില്‍ നിന്ന് ഭീഷണി ഉയര്‍ന്നതും എത്രത്തോളം മനുഷ്യവിരുദ്ധവും നിഷേധാത്മകവുമായി തീര്‍ന്നിരിക്കുന്നു രാജ്യത്തെ പലയിടത്തുമുള്ള നൈതിക സംവിധാനങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നു.

അതിനാല്‍ കേന്ദ്ര ഗവണ്മെന്റും ജമ്മു സംസ്ഥാന ഗവണ്മെന്റും അടിയന്തിരമായി ഇടപെട്ടു പഴുതടച്ച അന്വേഷണം വേഗത്തില്‍ നടത്തി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി ആ പിഞ്ചു പൈതലിന് , അവളുടെ ഹതാശരായ മാതാപിതാക്കള്‍ക്ക്, വിഹ്വലരായ ബക്കര്‍വാള്‍ സമുദായത്തിന് നീതി ലഭ്യമാക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.