അമേരിക്കയില്‍ യാത്രക്കിടെ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

Posted on: April 13, 2018 2:19 pm | Last updated: April 13, 2018 at 4:21 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിനായുള്ള തിരച്ചില്‍ തുടരവെ മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങളില്‍ ചിലത് കണ്ടെത്തി. വാഹനത്തിലുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. തോട്ടപ്പള്ളി സന്ദീപ്(42) ഭാര്യ സൗമ്യ(38)ഇവരുടെ മക്കളായ സിന്ധാന്ത്(12)സാച്ചി(9) എന്നിവരേയാണ് വ്യാഴാഴ്ച രാത്രിയോടെ കാണാതായത്.

ഒറിഗോണിലെ പോര്‍ട്‌ലാന്റില്‍നിന്നും സനോസെയിലേക്ക് പോകുന്നതിനിടെ ലെഗെറ്റിന് എട്ട് കി.മി അകലെവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒഴുകി ഈല്‍ നദിയില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ബോഡിയിലെ ചില ഭാഗങ്ങളും ഇന്റീറിയറിലെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്നവരുടെ ചില സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളെ കാണാനാണ് കുടുംബം വലന്‍സിയയില്‍ എത്തിയത്.