ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍

Posted on: April 13, 2018 11:37 am | Last updated: April 13, 2018 at 1:31 pm

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത കളമശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇവര്‍ ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ശ്രീജിത്തിന്റെ അമ്മ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.

ഇവരെ നേരത്തെ, സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ കൂടാതെ സി ഐ ഉള്‍പ്പെടെ നാല് പോലീസുകാരെ കൂടി ഇന്നല സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി ശ്രീജിത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഐ ജിയുടെ നടപടി. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ജി എസ് ദീപക്, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കസ്റ്റഡി മരണത്തില്‍ പറവൂര്‍ സി ഐക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ ജി വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഷനിലായവര്‍ കൃത്യവിലോപം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരിക്കും വകുപ്പുതല അന്വേഷണം നടത്തുക.