Connect with us

Sports

റിയല്‍ ഡ്രാമ

Published

|

Last Updated

പെനാല്‍റ്റി ഗോളാക്കിയ ക്രിസ്റ്റ്യാനോ ഷര്‍ട്ടൂരി ആഹ്ലാദം പ്രകടിപ്പിക്കുന്നു

മാഡ്രിഡ്: യുവെന്റസിന്റെ തിരിച്ചുവരവ്, റയലിന്റെ വിവാദ പെനാല്‍റ്റി ഗോള്‍, ബുഫണിന്റെ ചുവപ്പ് കാര്‍ഡ്…യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അങ്ങേയറ്റം നാടകീയത നടമാടിയ പൊരിഞ്ഞ പോരില്‍ യുവെന്റസിനെ മറികടന്ന് റയല്‍ മാഡ്രിഡ് സെമിയിലേക്ക്..

റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ 3-0ന് തകര്‍ന്നു പോയ യുവെന്റസ് സ്വന്തം തട്ടകത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ (3-0) ഇരുപാദത്തിലുമായി സ്‌കോര്‍ 3-3ന് തുല്യമായി. ബാഴ്‌സലോണയെ എ എസ് റോമ കശക്കിയെറിഞ്ഞതു പോലെ റയലും മൂക്കു കുത്തിവീഴാന്‍ പോകുന്നുവെന്ന തോന്നല്‍ യുവെന്റസിനുണ്ടാക്കാന്‍ സാധിച്ചു. മരിയോ മാന്‍ഡുകിചിന്റെ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ അറുപതാം മിനുട്ടില്‍ മറ്റിയൂഡിയും സ്‌കോര്‍ ചെയ്തതോടെ യുവെ 3-0ന് മുന്നില്‍ കയറി. ആദ്യപാദത്തില്‍ വഴങ്ങിയ മൂന്ന് എവേ ഗോളുകളുടെയും കടം തീര്‍ത്ത് യുവെ പുതിയ പോരിന് തയ്യാറായി നില്‍ക്കുന്ന കാഴ്ച.

എന്നാല്‍, ഇഞ്ചുറി ടൈമില്‍ യുവെന്റസ് ഡിഫന്‍ഡര്‍ മെദി ബെനാറ്റിയ റയലിന്റെ ലുകാസ് വാസ്‌ക്വുസിനെ ബോക്‌സിനുള്ളില്‍ പിറകില്‍ നിന്നിടിച്ച് വീഴ്ത്തിയത് പെനാല്‍റ്റി വിസിലിന് കാരണമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റഫറി മൈക്കല്‍ ഒലിവറാണ് സ്‌പോട് കിക്ക് വിധിച്ച് വിവാദത്തിന് തുടക്കമിട്ടത്. യുവെ ഗോളി ജിയാന്‍ലൂജി ബുഫണിന് റഫറിയുടെ നടപടി സ്വീകാര്യമായില്ല. ഒലിവറിനെ യുവെ കളിക്കാര്‍ വളഞ്ഞിട്ട് പ്രതിരോധിച്ചു. ബുഫണായിരുന്നു നേതൃത്വം നല്‍കിയത്. മോശം ഭാഷയില്‍ റഫറിയെ നേരിട്ട ബുഫണ്‍ ദേഷ്യം കയറി റഫറിയുടെ ദേഹത്ത് മുട്ടുകയും ചെയ്തു. ഇംഗ്ലണ്ട് റഫറി ബുഫണിന് ചുവപ്പ് കാര്‍ഡ് കാണിച്ചു. രംഗം ഏതാണ്ട് ശാന്തമായതിന് ശേഷം ക്രിസ്റ്റ്യാനോ സ്‌പോട് കിക്കെടുത്തു. യുവെന്റസ് ഗോളിക്ക് ഒരവസരം പോലും നല്‍കാതെ ക്ലീന്‍ പെനാല്‍റ്റി ഗോള്‍. സീസണില്‍ റയലിനായി ക്രിസ്റ്റിയാനോ നേടുന്ന നാല്‍പ്പത്തൊന്നാം ഗോള്‍.

റയല്‍ തുടരെ എട്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് കുതിച്ചു. കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ റയലാണ്. ഇത്തവണ ഹാട്രിക്ക് ലക്ഷ്യമാണ് സിനദിന്‍ സിദാന്റെ വെള്ളപ്പടക്കുള്ളത്.

ക്രിസ്റ്റ്യാനോ ഇംപാക്ട്..

കഴിഞ്ഞ പതിനാല് മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ നേടിയത് 27 ഗോളുകള്‍. റയലിനായി തുടരെ പതിനൊന്നാം മത്സരത്തിലും ഗോള്‍. സീസണില്‍ മുപ്പത്തെട്ട് മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ 41 ഗോളുകള്‍ പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗിലെ നൂറ്റി അമ്പതാം മത്സരമായിരുന്നു ക്രിസ്റ്റ്യാനോയുടെത്. പെനാല്‍റ്റി ഗോളോടെ ചാമ്പ്യന്‍സ് ലീഗിലെ ആകെ ഗോളുകളുടെ എണ്ണം 120 ല്‍ എത്തി. ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ റെക്കോര്‍ഡ് ക്രിസ്റ്റിയാനോയാണ് സൂക്ഷിക്കുന്നത്.

സൂപ്പര്‍ മരിയോ..

റയല്‍ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് യുവെന്റസ് രണ്ടാം പാദ ക്വാര്‍ട്ടറിലെ ആദ്യ ഗോളടിക്കുന്നത് എഴുപത്താറാം സെക്കന്‍ഡില്‍. ക്രൊയേഷ്യയുടെ മരിയോ മാന്‍ഡുകിചാണ് സ്‌കോര്‍ ചെയ്തത്. ചാമ്പ്യന്‍സ് ലീഗ് ഹോം മാച്ചില്‍ റയല്‍ മാഡ്രിഡ് ഏറ്റവും വേഗത്തില്‍ വഴങ്ങിയ ഗോള്‍ എന്ന റെക്കോര്‍ഡ് ഇതിനാണ്. റയലിന്റെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മരിയോ മാന്‍ഡുകിചിനാണ്. മുപ്പത്തേഴാം മിനുട്ടിലായിരുന്നു മുന്‍ ബയേണ്‍ സ്‌ട്രൈക്കറുടെ രണ്ടാം ഗോള്‍.

ബുഫണിന്റെ വിടവാങ്ങല്‍…

യുവെന്റസ് തോറ്റതോടെ ഇതിഹാസ ഗോളി ബുഫണിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമായി ഇത്. യുവെന്റസിനായി 650താം മത്സരത്തിനിറങ്ങിയ ബുഫണ്‍ ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ്. ലോകകപ്പ് ചാമ്പ്യനായ ബുഫണ്‍ യുവെന്റസിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

ചുവപ്പ് കാര്‍ഡ് കണ്ട് ബുഫണ്‍ കളം വിടുന്നു

കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഇത്തവണ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം ബുഫണിനുണ്ടായിരുന്നു. റയലിനെതിരെ തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ബുഫണ്‍ റഫറിയുടെ പെനാല്‍റ്റി തീരുമാനത്തില്‍ ക്ഷോഭിച്ച്, ചുവപ്പ് കാര്‍ഡുമായി കളം വിട്ടു. 2006 ലോകകപ്പ് ഫൈനലില്‍ ബുഫണ്‍ കളിച്ച ഇറ്റലിക്കെതിരെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ ചുവപ്പ് കാര്‍ഡുമായി കളം വിട്ടത് ഓര്‍മകളിലേക്ക് തിരിച്ചെത്തി നിമിഷം. അന്ന് തന്റെ രാജ്യാന്തര കരിയറിന് ചുവപ്പ് കാര്‍ഡോടെ വിരാമമിട്ട സിദാന്‍ ബുഫണിന്റെ ചാമ്പ്യന്‍സ് ലീഗ് കരിയര്‍ സമാനമായ രീതിയില്‍ അവസാനിക്കുമ്പോള്‍ മൂക സാക്ഷിയായി.

സമനില,ബയേണ്‍ മുന്നേറി

ആദ്യപാദ ക്വാര്‍ട്ടര്‍ 2-1ന് ജയിച്ച ബയേണ്‍ മ്യൂണിക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ സെവിയ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇതോടെ, എവേ ജയവുമായി ബയേണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് കുതിച്ചു.

നാടകീയ നിമിഷങ്ങള്‍

90 ാം മിനുട്ട്: ബെനാറ്റിയ വാസ്‌ക്വുസിനെ പിറകില്‍ നിന്ന് തള്ളിയിടുന്നു. റഫറി സ്‌പോട് കിക്ക് വിധിച്ചു. യുവെ താരങ്ങള്‍ റഫറിയെ വളഞ്ഞു.
93 ാം മിനുട്ട്: യുവെന്റസ് ഗോളി ബുഫണ്‍ രോഷാകുലനായി റഫറിയോട് തട്ടിക്കയറുന്നു. ഇംഗ്ലണ്ട് റഫറി ഒലിവര്‍ ബുഫണിനെ റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നു.
96ാം മിനുട്ട് : ബുഫണിന് പകരം വോസിച് സെന്‍സിയെ ഗോള്‍ കീപ്പറാക്കാന്‍ യുവെന്റസ് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു.
97ാം മിനുട്ട്: ക്രിസ്റ്റിയാനോ പെനാല്‍റ്റി കിക്ക് വലത് മൂലയിലേക്ക് അടിച്ചു കയറ്റി.
98ാം മിനുട്ട് : ഗോള്‍ ആഹ്ലാദത്തിന് ഷര്‍ട്ടൂരിയ ക്രിസ്റ്റിയാനോക്ക് മഞ്ഞക്കാര്‍ഡ്.
99ാം മിനുട്ട് : ഫൈനല്‍ വിസില്‍. റയല്‍ സെമിയില്‍.

 

---- facebook comment plugin here -----

Latest