Connect with us

Kerala

ക്യാമ്പ് ഫോളോവര്‍മാര്‍ ഐ പി എസ് ഉന്നതരുടെ വീട്ടുജോലിക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ക്യാമ്പുകളിലെ പാചക ജോലികളുടെ ചുമതലയുള്ള ക്യാമ്പ് ഫോളോവര്‍മാര്‍ക്ക് ഐ പി എസ് ഉന്നതരുടെ വീടുകളില്‍ കുശിനിപ്പണി. സംസ്ഥാനത്തെ പോലീസ് ക്യാമ്പുകളില്‍ നൂറ് കണക്കിന് ക്യാമ്പ് ഫോളോവര്‍മാര്‍ ജോലി നോക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷേ ഇത് കണക്കില്‍ മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം.

പല ക്യാമ്പ് ഫോളോവര്‍മാരും ഐ പി എസ് ഉന്നതരുടെ വീടുകളിലാണ് പണിയെടുക്കുന്നത്. ഐ പി എസ് ഉന്നതരുടെ വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരിക, വീട്ടിലെ പാചകജോലികള്‍ നോക്കുക, കാര്‍ കഴുകുക, വളര്‍ത്തുനായയെ കുളിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് ഇവര്‍ നിറവേറ്റുന്നത്.

ശമ്പളം സര്‍ക്കാര്‍ നല്‍കും. പണി ഐ പി എസുകാരുടെ വീട്ടില്‍. ഇത്തരം ജോലികള്‍ക്ക് സ്വന്തമായി ജീവനക്കാരെ നിയോഗിക്കുന്നതിന് ഐ പി എസുകാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്. ഇതും വാങ്ങി പോക്കറ്റിലിട്ട ശേഷമാണ് ക്യാമ്പ് ഫോളോവര്‍മാരെ സര്‍ക്കാര്‍ ചെലവില്‍ വീട്ടുപണിക്കായി നിയോഗിക്കുന്നത്. ഇതിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ അതെല്ലാം അവഗണിക്കുകയാണ്. ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് എടുക്കുകയും സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ സേവിക്കേണ്ടവരെ സ്വന്തം സേവക്കായി ഉപയോഗിക്കുകയാണ് ഐ പി എസ് ഉന്നതരെന്നാണ് ആരോപണം.