ജറുസലേം ഫലസ്തീന്റെ നിത്യ തലസ്ഥാനം

ജറുസലേം ഫലസ്തീന്റെ നിത്യ തലസ്ഥാനം എന്ന ശീര്‍ഷകത്തിലാണ് ഈ സമ്മേളനം. ഫലസ്തീന്‍ ജനതക്ക് നേരെ സയണിസ്റ്റ് ശക്തികളുടെ കടന്നാക്രമണത്തിനു പിന്നില്‍ ചരിത്രപരമായ നിരവധി മാനങ്ങള്‍ കൂടിയുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ നിരവധി പ്രവാചകന്മാര്‍ മണ്‍മറഞ്ഞ ഇടമാണിത്. ചരിത്രപരമായി നൂറ്റാണ്ടുകളായി മുസ്‌ലിംകളുടെ കൈവശമാണ് ബൈത്തുല്‍ മുഖദ്ദസ്. ആ ഭൂമിയെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്ക ഈ പ്രദേശത്തെ ഏറ്റവും വലിയ സംഘര്‍ഷങ്ങളിലേക്ക് പരുവപ്പെടുത്തുകയാണ്. ചരിത്രവിരുദ്ധവും പ്രകോപനപരവുമായ ഈ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ജറുസലേം ഫലസ്തീന്റെ ഹൃദയ ഭൂമിയാണ്.
Posted on: April 13, 2018 6:00 am | Last updated: April 12, 2018 at 10:34 pm
കാന്തപുരം യു എ ഇയിലെ ഫലസ്തീന്‍ അംബാസിഡര്‍ ഉസാം മസാലിഹിനൊപ്പം

ബഹുമാന്യനായ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ അന്തരാഷ്ട്ര സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടത് വലിയൊരു ബഹുമതിയായി ഞങ്ങള്‍ കണക്കാക്കുന്നു. മഹ്മൂദ് അബ്ബാസിനോട് ആഴത്തിലുളള ആദരവ് തോന്നുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഫലസ്തീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആര്‍ജവമുള്ള നിലപാടുകള്‍ എടുത്ത് തന്റെ ജനതയുടെ നിത്യ സ്വാതന്ത്ര്യത്തിനു വേണ്ടി, തങ്ങളെ നിരന്തരം ആക്രമിക്കുന്ന ഇസ്‌റാഈലിന്റെ കിരാത നടപടികള്‍ക്കെതിരെ സുധീരമായി ശബ്ദമുയര്‍ത്തുന്ന മഹ്മൂദ് അബ്ബാസ് തീര്‍ച്ചയായും പ്രശംസകള്‍ അര്‍ഹിക്കുന്നു. ലോകത്തെല്ലായിടത്തുമുള്ള നീതിക്കൊപ്പം നില്‍ക്കുന്ന ജനതകളുടെ നിതാന്ത പ്രാര്‍ഥന താങ്കള്‍ക്കുണ്ടാകും.
ഫലസ്തീനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ വൈകാരികവും തീവ്രവുമാണ്. ഫലസ്തീന്റെ അവകാശങ്ങള്‍ കൈയടക്കാന്‍ ഇസ്‌റാഈല്‍ ശ്രമിച്ചുതുടങ്ങിയ കാലം മുതലേ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു നിങ്ങള്‍ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ഫലസ്തീന്റെ മണ്ണില്‍ അവിഹിതമായി അവകാശം നേടിയെടുത്ത് ഇസ്‌റാഈല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചു ലോകത്തെ സമാനതയില്ലാത്ത വഞ്ചനയിലൂടെ ഫലസ്തീനികളെ സ്വദേശത്ത് നിന്ന് പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുണ്ട്: ”ഇംഗ്ലണ്ട് ഇംഗ്ലണ്ട് നിവാസികളുടേത് ആയപോലെ, ഫ്രാന്‍സ് ഫ്രഞ്ചുകാരുടേത് ആയ പോലെ ഫലസ്തീന്‍ അവിടെ അധിവസിക്കുന്ന അറബികളുടേതാണ്. ആ ഭൂമി ജൂതന്മാര്‍ കൈയടക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്, ക്രൂരമാണ്” എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അസ്വാതന്ത്ര്യത്തിന്റെ വേദനയും കരാളതയും ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ ഭരണത്തില്‍ മനസ്സിലാക്കിയ ഗാന്ധിജിക്കു സ്വന്തം മണ്ണ് നഷ്ടപ്പെട്ടു പോകുന്ന ഒരു ജനതയുടെ വിഹ്വലതകള്‍ മറ്റാരേക്കാളും അറിയുമായിരുന്നു.

ഗാന്ധിക്ക് ശേഷം ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റു ഇന്ത്യന്‍ നേതാക്കളുമെല്ലാം സ്വീകരിച്ചത് ഫലസ്തീനോട് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള നിലപാടായിരുന്നു. 1960-ല്‍ നെഹ്‌റു ഗാസ സന്ദര്‍ശിച്ചപ്പോള്‍ ഏറെ ആഹ്ലാദത്തോടെ അന്നത്തെ ഫലസ്തീന്‍ ഭരണകൂടം അദ്ദേഹത്തെ സ്വീകരിക്കുകയുണ്ടായി. ഫലസ്തീന്റെ മണ്ണ് കീഴ്‌പ്പെടുത്തിയ ഇസ്‌റാഈലിനോട് നയതന്ത്ര ബന്ധം പോലും ഇന്ത്യ ആരംഭിക്കാത്ത ഘട്ടമായിരുന്നു അത്. ചതിയിലൂടെ രൂപവത്കരിക്കപ്പെട്ട ഒരു രാഷ്ട്രത്തിനു ആധുനിക രാഷ്ട്ര സങ്കല്‍പ പ്രകാരമുള്ള നൈതികമായ ഒരു രാജ്യം എന്ന് പറയാനാകില്ല എന്ന ബോധത്തില്‍ നിന്നായിരുന്നുവത്.

ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തുമായി അഗാധമായ ബന്ധമായിരുന്നു ഇന്ത്യന്‍ ഭരണകൂടത്തിന്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ലോകതലത്തില്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന നേതാക്കളില്‍ ഒരാളായിരുന്നു യാസര്‍ അറഫാത്ത്. ഫലസ്തീനോടുള്ള ഇന്ത്യയുടെ ശക്തമായ ഐക്യദാര്‍ഢ്യത്തിന്റെ കൂടി ഫലമായിരുന്നു ആ ബന്ധം. തുടര്‍ന്ന് രാജീവ് ഗാന്ധിയുമായുണ്ടായി ആ ആത്മബന്ധം. തനിക്ക് ഏറ്റവും സന്തോഷം പകരുന്ന രാഷ്ട്രമായി യാസര്‍ അറഫാത്ത് ഇന്ത്യയെ പരിചയപ്പെടുത്തിയിട്ടുണ്ട്. അറഫാത്ത് വിടപറഞ്ഞപ്പോള്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിംഗ് ഇങ്ങനെ കുറിക്കുകയുണ്ടായി. ”യാസര്‍ അറഫാത്തിന്റെ ധീരത സ്വരാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരവുമാണ്. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹുത്തായിരുന്നു അദ്ദേഹം” ഐക്യരാഷ്ട്ര സഭയിലും മറ്റു അന്താരാഷ്ട്ര വേദികളിലും ഫലസ്തീന് വേണ്ടി ഇന്ത്യ ഉറച്ചു നിന്നു.

മറ്റു രാഷ്ട്രങ്ങളിലെ ഫലസ്തീന്‍ അഭയാര്‍ഥികളുടെ ജീവിതം സ്വസ്ഥകരമാക്കാന്‍ ആ രാജ്യങ്ങളുടെ ഭരണകൂടങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടു. 2006 ലടക്കം സംഘര്‍ഷഭരിതമായ ഇറാഖിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ സ്വദേശത്ത് ഇടം നല്‍കുകയുണ്ടായി.

ജറുസലേം ഫലസ്തീന്റെ നിത്യ തലസ്ഥാനം എന്ന ശീര്‍ഷകത്തിലാണ് ഈ സമ്മേളനം. ഫലസ്തീന്‍ ജനതക്ക് നേരെ സയണിസ്റ്റ് ശക്തികളുടെ കടന്നാക്രമണത്തിനു പിന്നില്‍ ചരിത്രപരമായ നിരവധി മാനങ്ങള്‍ കൂടിയുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ നിരവധി പ്രവാചകന്മാര്‍ മണ്‍മറഞ്ഞ ഇടമാണിത്. ചരിത്രപരമായി നൂറ്റാണ്ടുകളായി മുസ്‌ലിംകളുടെ കൈവശമാണ് ബൈത്തുല്‍ മുഖദ്ദസ്. ആ ഭൂമിയെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്ക ഈ പ്രദേശത്തെ ഏറ്റവും വലിയ സംഘര്‍ഷങ്ങളിലേക്ക് പരുവപ്പെടുത്തുകയാണ്. ചരിത്രവിരുദ്ധവും പ്രകോപനപരവുമായ ഈ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ജറുസലേം ഫലസ്തീന്റെ ഹൃദയ ഭൂമിയാണ്.

ഇസ്‌റാഈലിന്റെ എല്ലാ തരം ക്രൂര തകളെയും പിന്തുണച്ച പാരമ്പര്യമാണ് അമേരിക്കക്കുള്ളത്. ട്രംപ് അധികാരത്തില്‍ വന്നതോടെ മുസ്‌ലിം വിരുദ്ധത കൂടുതല്‍ പ്രത്യക്ഷത്തില്‍ അവരില്‍ നിന്ന് വരാന്‍ തുടങ്ങി. അനിവാര്യമായും ഐക്യ രാഷ്ട്ര സഭയിലെ വീറ്റോ പോലുള്ള അപഹാസ്യവും ലോക സ്വസ്ഥതയെ ഇല്ലാതാക്കുന്നതുമായ നിയമങ്ങള്‍ എടുത്തുമാറ്റപ്പെടണം. ഫലസ്തീന്‍ അടക്കമുള്ള എല്ലാ രാഷ്ട്രങ്ങളുടെയും നിലപാടുകള്‍ക്ക് അവിടെ പ്രസക്തിയുണ്ടാകണം. അപ്പോഴേ സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം സാധ്യമാവുകയുള്ളൂ.

ഒരു നൂറ്റാണ്ടോളമായി നടക്കുന്ന കൈയേറ്റങ്ങളെ പ്രതിരോധിച്ചു ഇപ്പോഴും സ്വന്തമായ അസ്തിത്വത്തോടെ നിലനില്‍ക്കുന്ന ഫലസ്തീനു അഭിവാദ്യങ്ങള്‍. ഞങ്ങളുടെ പ്രാര്‍ഥന എപ്പോഴും ഫലസ്തീനികള്‍ക്കൊപ്പം ഉണ്ടാകും.

(ഫലസ്തീന്‍ അതോറിറ്റിയുടെ കീഴില്‍ റാമല്ലയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംക്ഷിപ്തം.)