Connect with us

Gulf

പൈലറ്റില്ലാതെ പറക്കാന്‍ 'വിമാന'

Published

|

Last Updated

ദുബൈ: വിമാന എന്ന പേരില്‍ പൈലറ്റില്ലാ വിമാനം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫ്യൂച്ചര്‍ സിറ്റീസ് ഷോയിലാണ് ചെറുയാത്രാ വാഹനം പ്രദര്‍ശിപ്പിച്ചത്. രണ്ടുവര്‍ഷത്തിനകം ദുബൈയില്‍ വ്യാപകമാകുമെന്നാണ് പ്രതീക്ഷ.

ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലോടുമ്പോള്‍ ദുബൈ ആകാശത്ത്, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യു എ വി) സര്‍വീസ് നടത്തും. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനഗ്ലോബല്‍ കമ്പനിയാണ് ഏരിയല്‍ വെഹിക്കിളിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കരിവണ്ടിനു വലിയ ചിറകുകള്‍ വച്ചതുപോലെ കറുപ്പുനിറത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനം പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. വിമാനയെന്ന പേരിന് ഇന്ത്യന്‍ രാജാവുമായി ബന്ധമുണ്ടെന്നു വിമാന ഗ്ലോബല്‍ ഐഎന്‍സിയുടെ മധ്യപൂര്‍വദേശ ഡയറക്ടര്‍ നിക്കോള മിഷ്‌കിന്‍ പറഞ്ഞു.

നിര്‍മിതബുദ്ധി (എ ഐ) ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വാഹനമാണ് വിമാന മുന്നോട്ടുവെക്കുന്നത്. ഇതുകൂടാതെ, ഇത്തരം വാഹനങ്ങളുടെ ഗതാഗത നിയന്ത്രണത്തിനും കൈകാര്യം ചെയ്യുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മധ്യപൗരസ്ത്യ ദേശത്തുനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു നിക്കോള അറിയിച്ചു.
നാലുപേര്‍ക്കു സഞ്ചരിക്കാവുന്ന യു എ വി ആണ് ദുബൈയില്‍ പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് ഇലക്ട്രിക്കല്‍ പവര്‍ യൂണിറ്റാണ് ശക്തി നല്‍കുന്നത്. 900 കിലോമീറ്റര്‍വരെ പറക്കാന്‍ കഴിയുന്ന യുഎവിക്ക് ഏഴുമീറ്ററാണ് നീളം. മണിക്കൂറില്‍ 244 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാം. കെട്ടിടങ്ങളുടെ മുകളില്‍നിന്ന് ഉയര്‍ന്നുപൊങ്ങി യാത്രക്കാരെ കൃത്യം സ്ഥലത്ത് എത്തിക്കാന്‍ കഴിയുന്ന യുഎവിക്ക് മറ്റു യുഎവിയുമായും ഗ്രൗണ്ട് കണ്‍ട്രോളുമായി ആശയവിനിമയത്തിനും സംവിധാനമുണ്ട്.