പഴയ ടാക്‌സി നമ്പറുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നു

Posted on: April 12, 2018 11:08 pm | Last updated: April 12, 2018 at 11:08 pm

ഷാര്‍ജ: ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (എസ് ആര്‍ ടി എ) പഴയ ടാക്‌സി നമ്പറുകളുടെ ഉടമകളായ സ്വദേശികള്‍ക്ക് ഒരു കോടി ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കും. ഷാര്‍ജ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ നഷ്ടപരിഹാര വിതരണ പ്രക്രിയയുടെ ഭാഗമായാണ് തുക വിതരണം ചെയ്യുന്നത്. ഇതനുസരിച്ചു 5000 സ്വദേശികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. പഴയ ടാക്‌സി നമ്പര്‍ പ്ലെയ്റ്റ് ഉടമകളുടെ നിലവിലെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് നഷ്ട പരിഹാര വിതരണ പ്രക്രിയയെന്ന് എസ് ആര്‍ ടി എ ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ജര്‍വാന്‍ പറഞ്ഞു. പ്രതിവര്‍ഷം 2000 ദിര്‍ഹമാണ് ഓരോ നമ്പര്‍ ഉടമകള്‍ക്കും വിതരണം ചെയ്യുക. ഇതിനു പുറമെ സിറ്റിക്ക് അകത്തു ഓടിയിരുന്ന ടാക്‌സിക്ക് 500 ദിര്‍ഹമും സിറ്റിക്ക് പുറത്തു ഓടിയിരുന്ന ടാക്‌സിക്ക് 1000 ദിര്‍ഹമും പ്രതിമാസം നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.

പഴയ നമ്പറുകള്‍ കൈവശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. രേഖകളുടെ അഭാവത്തില്‍ വിതരണത്തിന് തടസം സൃഷ്ടിക്കും. മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ അവ സംഘടിപ്പിച്ചു അതോറിറ്റിയില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണമെന്നും അദ്ദേഹം സ്വദേശികളോട് ആവശ്യപ്പെട്ടു.