Connect with us

Gulf

ഷാര്‍ജ ആകര്‍ഷിച്ചത് 597 കോടിയുടെ വിദേശ നിക്ഷേപം

Published

|

Last Updated

ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ഷാര്‍ജ സി ഇ ഒ ജുമ അല്‍ മുഷറഖ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ഷാര്‍ജ: 597കോടി ദിര്‍ഹം വിദേശ നിക്ഷേപം ഷാര്‍ജ ആകര്‍ഷിച്ചതായി ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ സി ഇ ഒ ജുമാ അല്‍ മുഷറഖ് അറിയിച്ചു. ഷാര്‍ജയിലെ വിദേശ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. യു കെ, അമേരിക്ക, ചൈന, സഊദി അറേബ്യ എന്നിവരാണ് ഇന്ത്യക്കു പിന്നില്‍. പുതുതായി നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സ് എണ്ണത്തില്‍ 27 ശതമാനം വളര്‍ച്ച.

2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കിയതായി ജുമാ അല്‍ മുഷറഖ് പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന എട്ടാം വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇന്ത്യയാണ് എന്നത് പ്രവാസി സമൂഹത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂല സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 2017ല്‍ മാത്രം ഷാര്‍ജയില്‍ സൃഷ്ടിക്കപ്പെട്ടത് 5,000 പുതിയ തൊഴില്‍ അവസരങ്ങളാണ്.

അസൂര്‍ ബീച്ച് റിസോര്‍ട്, ഈഗിള്‍ ഹില്‍സിന്റെ നേതൃത്വത്തിലുള്ള മറിയം ഐലന്‍ഡ്, അലിഫ് ഗ്രൂപ് ഒരുക്കുന്ന അല്‍ മംഷാ, തിലാല്‍ പ്രോപ്പര്‍ടീസിന്റെ തിലാല്‍ സിറ്റി എന്നിങ്ങനെ നിരവധി പുതിയ പദ്ധതികള്‍ ഷാര്‍ജയില്‍ പുതുതായി ഒരുങ്ങുന്നുണ്ട്. ഷാര്‍ജയുടെ സാംസ്‌കാരിക-സാമൂഹ്യ മേഖലകളിലെ വളര്‍ച്ചക്കു ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) നടത്തിയിരുന്നു.

ഒന്നാം സ്ഥാനത്ത് ഇന്ത്യ

ഷാര്‍ജ: യു എ ഇയുമായുള്ള ശക്തമായ വ്യാപാര ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഷാര്‍ജയിലെ വിദേശ നിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഷാര്‍ജ സി ഇ ഒ ജുമാ അല്‍ മുഷറഖ്. നിക്ഷേപ രംഗത്തു ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നത് പ്രവാസി സമൂഹത്തിനും ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്കും ഒരുപോലെ അനുകൂല ഘടകമാണ്. നിലവില്‍ 17,000 ല്‍ അധികം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന 7,000ത്തിലധികം കമ്പനികളും ഇന്ത്യന്‍ സംരംഭകരുടേതാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നത്.

മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, സേവന മേഖലകളുടെ സഹകരണം, ഭൂമി ശാസ്ത്രപരമായ അനുകൂല ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ നിക്ഷേപകരെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകരെയും വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സംഗമമാണ് ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ്.

---- facebook comment plugin here -----

Latest