Connect with us

National

ആസിഫാ ബാനു..! ആ പിഞ്ചു ബാലിക സഹിച്ച വേദന

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ആസിഫയെ മനുഷ്യക്കുഞ്ഞായി കാണുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടെന്നും എന്നാല്‍ അവള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ആദ്യമായാണ് ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രിസഭയില്‍നിന്നൊരാള്‍ പ്രതികരിക്കുന്നത്.

നേരത്തെ ബി ജെ പിയുടെ കത്തുവ എം പി ജിതേന്ദ്ര സിംഗ് പ്രതികള്‍ക്കു വേണ്ടി രംഗത്തുവന്നിരുന്നു. കുറ്റാരോപിതര്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന കാഷ്മീരിലെ മണ്ഡലമായ കത്വയില്‍നിന്നുള്ള എംപി ണ് പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബി ജെ പി നേതൃത്വവും രംഗത്തുവന്നിരുന്നു.

ജനുവരി 10ന് കത്തുവ ജില്ലയിലെ രസാനയില്‍നിന്നു കാണാതായ എട്ടുവയസ്സുകാരിയെ ദിവസങ്ങള്‍ക്കുശേഷം തെരുവില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് കുറ്റപത്രം നല്‍കിയത്. ഇതിന്റെ പകര്‍പ്പു പുറത്തുവന്നപ്പോഴാണ് ആസിഫ എന്ന നിശ്കളങ്ക ബാലിക അനുഭവിച്ച വേദന എത്രത്തോളമാണെന്ന് ലോകമറിഞ്ഞത്.

കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന
വിവരങ്ങള്‍

ന്യൂഡല്‍ഹി: കശ്മീരില്‍ എട്ട് വയസ്സുകാരി ആസിഫ ബാനു കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 സാക്ഷികളെയും അന്വേഷണ തെളിവുകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. ബഖര്‍വാല്‍ മുസ്‌ലിംകള്‍ പശുവിനെ കൊല്ലാറുണ്ടെന്ന കള്ള ന്യായമാണ് കുറ്റപത്രത്തിലുള്ളത്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍ (ജുവനൈല്‍), സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ട് പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും പിഞ്ചു ബാലികയോട് കാണിച്ച ക്രൂരത കരള്‍ പിടയും ഞെട്ടലോടെയാണ് രാജ്യം ഇന്നലെ ശ്രവിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് ജനുവരി പതിനേഴിനാണ്. രസാന ഗ്രാമത്തില്‍ കുതിര മേക്കാന്‍ പോയ ആസിഫയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം മൃതദേഹം ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ കൊണ്ടിട്ടു.

ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലക്കടിച്ചു കൊന്നത്. കൊലപാതകത്തിന് മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്ന് വിളിച്ചു വരുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. ബഖര്‍വാല്‍ മുസ്‌ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രസാന ഗ്രാമത്തിലെ ദേവസ്ഥാനി (ചെറിയ ക്ഷേത്രം)ന്റെ മേല്‍നോട്ടക്കാരായ സഞ്ജി റാം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് മുതല്‍ കൊലപാതകം വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നല്‍കി.

ജനുവരി ആദ്യവാരത്തില്‍ ഗൂഢാലോചന നടത്തിയ റാം മരുമകനും സ്‌പെഷ്യല്‍ പോലീസ് ഓഫീസറുമായ ദീപക് ഖജൂരിയയുമായി ബന്ധപ്പെട്ടു. കൗമാരക്കാരനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയത്. ബാക്കി പദ്ധതി നടപ്പാക്കിയത് സഞ്ജി റാമും ഖജൂരിയ, അടുത്ത സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരുന്ന് നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഒളിപ്പിച്ചാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്.

പീഡനത്തിനു ശേഷം കൊലപ്പെടുത്താന്‍ സഞ്ജി റാം കൗമാരക്കാരനോടാണ് നിര്‍ദേശിച്ചത്. വിശാല്‍, മറ്റൊരു പ്രതി മന്നു എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ദേവസ്ഥാനത്തു നിന്ന് സമീപത്തെ ഓവുചാലില്‍ കൊണ്ടുവന്നാണ് കൊല ചെയ്തത്. സ്ഥലത്തെത്തിയ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ കൊലപ്പെടുത്തുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

 

ബക്കര്‍വാല്‍ വിഭാഗക്കാര്‍ “ഗോക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുന്നവരും” ആണെന്നാണ ആരോപണം ഇവര്‍ക്കെതിരെ മേഖലയിലുണ്ട്. ഇത് മുതലെടുത്ത് ഇതരമതവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ കൃത്യത്തിനായി റാം ഒരുക്കുകയായിരുന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കാട്ടി ബക്കര്‍വാല്‍ വിഭാഗക്കാരെ ഇവിടങ്ങളിലുള്ളവര്‍ പതിവായി ഭീഷണിപ്പെടുത്താറുണ്ട്. ഇതുമൂലം നിരവധി പരാതികളും എഫ്‌ഐആറുമാണ് മേഖലയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതും.

ആസിഫ ബാനുവിനെതിരെയുള്ള ക്രൂരകൃത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ മേഖലയില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. സി ബി ഐ അന്വേഷണമാണ് ആവശ്യപ്പെട്ട് ജമ്മു മേഖലയില്‍ പൊലീസിനെതിരെ അഭിഭാഷക സമൂഹം ഉള്‍പ്പെടെ വന്‍ പ്രതിഷേധമാണു നടത്തുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിനു ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്തപ്പോള്‍ ജമ്മു മേഖലയിലെ മിക്ക ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.

 

Latest