വരാപ്പുഴ കസ്റ്റഡി മരണം: സിഐ അടക്കം നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസില്‍ നാല് പോലീസുകാര്‍ക്കെതിരെയും റിപ്പോര്‍ട്ട്
Posted on: April 12, 2018 3:37 pm | Last updated: April 13, 2018 at 11:14 am

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം സി ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വരാപ്പുഴ എസ് ഐ ദീപക്, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റു പോലീസുകാര്‍. കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സി ഐ ക്രിസ്പിന്‍ സാമിന് ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്ന് ആലുവ പോലീസ് ക്ലബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ വിശദമായ അന്വേഷണമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

എസ്ഐ ദീപക്ക് അടക്കമുള്ള പോലീസുകാര്‍ ശ്രീജിത്തിന ക്രൂരമായി മര്‍ദിച്ചെന്ന് മാതാവും ബന്ധുക്കളും ആരോപിച്ചിരുന്നു. ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.